ad
Deshabhimani

വിമാനയാത്രക്കാർക്ക് തിരിച്ചടി; ഇനി അധികചാർജ് ഇല്ലാതെ സീറ്റ് ഇല്ല, ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം

Airport

പ്രതീകാത്മക ചിത്രം (Image Credit - AFP)

വെബ് ഡെസ്ക്

Published on Apr 03, 2026, 07:02 AM | 1 min read

ന്യൂഡൽഹി : വിമാനയാത്രക്കാർക്ക് ആശ്വാസമായ 'സൗജന്യ സീറ്റ്' നിബന്ധന നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും സീറ്റ് സെലക്ഷൻ ചാർജ് ഇല്ലാതെ യാത്രക്കാർക്ക് നൽകണമെന്ന ഉത്തരവാണ് വ്യോമയാന മന്ത്രാലയം താല്കാലികമായി മരവിപ്പിച്ചത്. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഡിജിസിഎ പുറത്തിറക്കി. വിമാനക്കമ്പനികളുടെ കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.



മാർച്ച് 18നാണ് യാത്രക്കാരുടെ നിരന്തരമായ പരാതികളെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത്തരമൊരു നിർ​ദേശം ഡിജിസിഎയ്ക്ക് (DGCA) നൽകിയത്. വിൻഡോ സീറ്റുകൾക്കും മുൻനിര സീറ്റുകൾക്കും അമിത തുക ഈടാക്കുന്ന കമ്പനികളുടെ പകൽക്കൊള്ളക്ക് തടയിടാനായിരുന്നു ഈ നീക്കം. എന്നാൽ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ഇതിനെതിരെ രംഗത്തുവരികയും വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കത്തയക്കുകയും ചെയ്തു. ഇതോടെയാണ് സാധാരണക്കാരന് ഗുണകരമാകേണ്ടിയിരുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻവാങ്ങിയത്.


ഒരേ പിഎൻആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ഇരുത്തണമെന്ന നിർദേശവും ഇതോടെ അനിശ്ചിതത്വത്തിലായി. നിലവിൽ മിക്ക വിമാനക്കമ്പനികളും വെബ് ചെക്ക്-ഇൻ സമയത്ത് സീറ്റ് തിരഞ്ഞെടുക്കുന്നതിന് വൻതുക ഈടാക്കുന്നുണ്ട്. സൗജന്യ സീറ്റുകൾ വെട്ടിക്കുറച്ച് സാധാരണക്കാരെ പിഴിഞ്ഞു ലാഭമുണ്ടാക്കാനുള്ള കമ്പനികളുടെ നീക്കത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണ്.


തീരുമാനം പുനപരിശോധിക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് മുൻഗണനയെന്ന് വ്യക്തമാണ്. വേനൽക്കാല അവധിക്കാലം മുന്നിൽ നിൽക്കെ വിമാനയാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന് പകരമാണ് കേന്ദ്രത്തിന്റെ ഈ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home