ന്യൂനപക്ഷങ്ങൾക്ക് നേരെ കടന്നാക്രമണം; ദീർഘകാല പ്രത്യാഘാതമുണ്ടാകും: എം എ ബേബി

ന്യൂഡൽഹി: ക്രൈസ്‌തവരടക്കം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ ധ്രുവീകരണ ഉദ്ദേശ്യത്തോടെ കടന്നാക്രമിക്കുന്നത് ഇന്ത്യയുടെ ബഹുസ്വര സമൂഹത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിനെതിരായ നീക്കം രാജ്യത്തിന്റെ പല കോണുകളിലും സംഭവിക്കുകയാണ്. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് സംഘപരിവാർ സംഘടനകളാണെങ്കിലും ബിജെപി സർക്കാരുകൾ നടപടിയെടുക്കുന്നത് ഇരകൾക്കെതിരായാണ്.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് ബജ്‌റംഗ്‌ദൾ പോലുള്ള പരിവാർ സംഘടനകൾ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഗ്രഹാംസ്‌റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന സംഭവം ഇപ്പോഴും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. മതനിരപേക്ഷതയുടെ സംരക്ഷണമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഹിന്ദുത്വ ഭീകര സംഘങ്ങൾക്കെതിരായി നടപടിയെടുത്തേ മതിയാകൂ– ബേബി പറഞ്ഞു.
പ്രതിഷേധം കടുപ്പിച്ച് ക്രൈസ്തവ സഭകൾ
കോട്ടയം: നാഗ്പൂരിൽ മലയാളി വൈദികൻ സുധീറിനെയും ഭാര്യ ജാസ്‌മിനെയും അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ. ക്രൈസ്തവ വിശ്വാസങ്ങൾക്കും ആരാധനകൾക്കും എതിരായി നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഏത് മതത്തിൽ വിശ്വസിക്കാനും ആരാധിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഇതിന് ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യസമൂഹത്തിന് അപമാനമാണ്. ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയായി മാറുകയാണ്. വിധ്വംസക പ്രവൃത്തികൾ നിരോധിക്കാൻ ഭരണാധികാരികൾ ഇടപെടണം. തുടർച്ചയായി ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ആശങ്കയുളവാക്കുന്നതായി ബാവ പ റഞ്ഞു.
ഭരണനേതൃത്വത്തിലിരിക്കുന്ന രാഷ്ട്രീയപാർടിയും നേതാക്കളും നിശബ്ദത വെടിയണമെന്ന് സിഎസ്ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നു. ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിന് എതിരായ നടപടിയാണിത്. 12 വർഷമായി അവിടെ പ്രവർത്തിക്കുകയാണ് വൈദികനായ സുധീർ. മതപരിവർത്തനത്തിനല്ല അദ്ദേഹം പോയത്. ക്രിസ്‌മസ്, പുതുവത്സര ആരാധനക്കാണ്. അടുത്തിടെ ഉപരാഷ്ട്രപതി ലോക്ഭവനിൽ വിളിച്ച യോഗത്തിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നതായും ബിഷപ്പ് വ്യക്തമാക്കി.
എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു: പ്രധാനമന്ത്രി മൗനം വെടിയണം
ന്യൂഡൽഹി: രാജ്യമെമ്പാടും ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ക്രൂരമായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എംപിമാരായ വി ശിവദാസനും എ എ റഹിമും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇത് ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. വൈദികർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ ആസൂത്രിതമാണ്.
ജമ്മുവിലെ ആർഎസ് പുരയിൽ മലയാളി വൈദികനായ ബേബി ജേക്കബിനെയും കുടുംബത്തെയും ക്രിസ്‌മസിന്റെ തലേന്നാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ മതപരിവർത്തന ആരോപണം ഉന്നയിച്ച് ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് അറസ്റ്റ്. യോഗം നടന്ന വീട്ടിൽ താമസിക്കുന്ന കുടുംബത്തിനെതിരെയും പുരോഹിതനെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസെടുത്തു. കർണാടകം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ, അസം, ഡൽഹി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിയമങ്ങള്‍പോലും വളച്ചൊടിക്കുന്ന അവസ്ഥയാണ്. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം. 2025 ജനുവരി മുതൽ ജൂലൈ വരെ ക്രിസ്‌തു മതവിശ്വാസികൾക്ക് എതിരെ 300ൽ അധികം ആക്രമണങ്ങളുണ്ടായി. വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്കാണ് ഇത്തരം ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അതിക്രമം വർധിക്കുന്നത് ദുഃഖകരം
കോഴിക്കോട്: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമം വർധിക്കുന്നത് ദുഃഖകരമെന്ന് സിഎസ്‌ഐ മലബാർ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ക്രൈസ്തവരെ ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. നാഗ്‌പുരിൽ മലയാളി വൈദികനും ഭാര്യയും അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രതിഷേധം അറിയിക്കുമെന്നും ബിഷപ്പ് പറഞ്ഞു.










0 comments