അസമിൽ വർഗീയ സംഘർഷം; രണ്ട് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു

ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് മേഖലയിലുണ്ടായ വംശീയ സംഘർഷത്തെത്തുടർന്ന് രണ്ട് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിലാണ് സംഘർഷം പടരാതിരിക്കാൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി വീടുകൾക്ക് തീയിടുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആളുകൾ കൂട്ടംകൂടുന്നത് തടയാനും പൊതുമുതൽ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കർശന നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തിവരികയാണ്.
രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. അക്രമത്തെത്തുടർന്ന് നൂറുകണക്കിന് ആളുകളാണ് വീടുപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുള്ളത്.
അസം പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും മേഖലയിൽ റോന്ത് ചുറ്റുന്നുണ്ട്. വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.










0 comments