അസമിൽ ഭൂമി കൈമാറ്റത്തിന് കൈക്കൂലി, 1.66 കോടി രൂപയും കോടികളുടെ നിക്ഷേപങ്ങളും; സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പിടിയിൽ

പ്രതീകാത്മക ചിത്രം
ഗുവാഹത്തി: അസമിൽ അന്തർമത ഭൂമി കൈമാറ്റത്തിന് ആവശ്യമായ അനാക്ഷേപ പത്രം നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടർന്ന് പണം വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലാവുകയും ചെയ്ത മുതിർന്ന അസം സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു.
ഗുവാഹത്തി ലാൻഡ് റെക്കോർഡ്സ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടറായ ലചിത് കുമാർ ദാസിനെയാണ് അസം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം റെഡ് ഹാൻഡഡായി പിടികൂടിയത്. തുടർന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള ആഡംബര ഫ്ലാറ്റുകളിലും വീടുകളിലും നടത്തിയ റെയ്ഡിൽ 1.66 കോടിയിലധികം രൂപയുടെ കള്ളപ്പണവും 86 ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
ഭൂമി വിൽപന നടത്തുന്നതിനായുള്ള എൻഒസി നൽകാൻ ഉദ്യോഗാർത്ഥിയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് ലചിത് കുമാർ ആവശ്യപ്പെട്ടത്. അസമിൽ നിലവിലുള്ള പ്രത്യേക നിയമപ്രകാരം വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതിയും എൻഒസിയും നിർബന്ധമാണ്.
ഈ അനുമതി നൽകാനാണ് ഉദ്യോഗസ്ഥൻ അഴിമതി നടത്തിയത്. കൈക്കൂലി നൽകാൻ തയ്യാറാകാത്ത പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച റൂപ്നഗറിലെ ലാൻഡ് റെക്കോർഡ്സ് ഓഫീസിൽ വിജിലൻസ് സംഘം കെണിയൊരുക്കി.
പരാതിക്കാരനിൽ നിന്ന് കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 45,000 രൂപ ഓഫീസിലിരുന്ന് വാങ്ങുന്നതിനിടെ ലചിത് കുമാർ ദാസിനെ ഉദ്യോഗസ്ഥർ വളഞ്ഞുപിടിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ബെൽറ്റോലയിലെ ഇയാളുടെ വസതിയിലുള്ള ലോക്കറിൽ നിന്ന് 48.38 ലക്ഷം രൂപയും വെള്ളിയാഴ്ച രാത്രി നടത്തിയ മറ്റൊരു റെയ്ഡിൽ ക്വീൻസ് ഗാർഡൻ അപ്പാർട്ട്മെന്റിലെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് 1.18 കോടി രൂപയും വീണ്ടും കണ്ടെടുത്തു.
500 ഗ്രാം സ്വർണാഭരണങ്ങളും അനവധി ലൈഫ് ഇൻഷുറൻസ് പോളിസി രേഖകളും ഇയാളുടെയും കുടുംബത്തിന്റെയും പേരിലുള്ള നിരവധി അക്കൗണ്ടുകളും വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്.










0 comments