print edition അസമിൽ 85.65 ശതമാനം; പുതുച്ചേരിയിൽ 89.87%


സ്വന്തം ലേഖകൻ
Published on Apr 10, 2026, 12:04 AM | 1 min read
ന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്. വ്യാഴാഴ്‌ച വൈകിട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 85.65 ശതമാനമാണ് പോളിങ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 82.42 ശതമാനവും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 81.87 ശതമാനവുമായിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പോളിങ്ങാണ് ഇത്തവണ.
ഏറ്റവും കൂടുതൽ പോളിങ് ദൽഗാവ് മണ്ഡലത്തിൽ– 94.57. അമ്രി മണ്ഡലത്തിലാണ് ഏറ്റവും കുറവ്– 70.4 ശതമാനം. 126 നിയമസഭ മണ്ഡലത്തിലേക്കായി 722 സ്ഥാനാർഥികളാണ് മത്സരിച്ചത്. 2023ലെ മണ്ഡല പുനർനിർണയത്തിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 10 വർഷമായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് അസം ഭരിക്കുന്നത്. 75 സീറ്റ്‌നേടിയാണ് എൻഡിഎ 2021ൽ അധികാരത്തിലെത്തിയത്.
പുതുച്ചേരിയിൽ 89.87%
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തം. കേന്ദ്രഭരണ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 89.87ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കുകൾവരുമ്പോൾ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കും.എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും, കോൺഗ്രസ്, ഡിഎംകെ, വിസികെ എന്നിവരടങ്ങുന്ന ഇൻഡ്യ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയും മത്സരരംഗത്ത് സജീവം.
ഉപതെരഞ്ഞെടുപ്പ്
കർണാടകത്തിലെ ദാവനഗരെ സൗത്ത്, ബാഗൽകോട്ട്, നാഗാലാൻഡിലെ കോരിദാങ്, ത്രിപുരയിലെ ധർമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും വ്യാഴാഴ്ച നടന്നു. അതേസമയം, ഗോവയിലെ പോണ്ട അസംബ്ലി മണ്ഡലത്തിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനം അസാധുവാണെന്നായിരുന്നു ഉത്തരവ്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂ എന്ന് ചൂണ്ടിക്കാട്ടി രണ്ട് വോട്ടർമാർ നൽകിയ ഹർജിയിലാണ് നടപടി.










0 comments