ad
Deshabhimani

നിത്യഹരിത സ്വരമാധുരി: ആശാ ഭോസ്‌ലേയുടെ സംസ്കാരം ഇന്ന്

ASHA BHOSLE
വെബ് ഡെസ്ക്

Published on Apr 13, 2026, 07:11 AM | 2 min read

മുംബൈ: വിഖ്യാത ഗായിക ആശാ ഭോസ്‌ലേയുടെ സംസ്കാരം ഇന്ന്. ഹൃദയ, ശ്വാസകോശ അസുഖങ്ങളെ തുടർന്ന്‌ മുംബൈ ബ്രീച്ച്‌കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു പ്രിയഗായികയുടെ

അന്ത്യം. ഇന്ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ലോവർ പരേലിലെ വസതിയായ 'കാസ ഗ്രാൻഡെ'യിൽ പൊതുദർശനം നടക്കും. വൈകുന്നേരം 4ന് ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.


എട്ടുപതിറ്റാണ്ട്‌ നീണ്ട്‌ സുദീർഘമായ സംഗീതയാത്രയിൽ വിവിധ ഭാഷകളിലായി 12,000ത്തോളം ഗാനങ്ങൾ ആശാഭോസ്‌ലേ സമ്മാനിച്ചു. 1943ൽ 10ാം വയസിൽ മറാഠി ചിത്രമായ ‘മാത്സാബാലി’ലെ ‘ചലാ ചലാ നവബാലാ’ എന്ന ഗാനത്തിലാണ്‌ ആശയുടെ സ്വരം ആദ്യമായി റെക്കോർഡ്‌ ചെയ്‌തത്‌. 1948ൽ ‘ചുനരിയ’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. ‘സിഐഡി ’ ((1956) ‘നയാദോർ’ (1957) എന്നീ സിനിമകളിൽ ഒ പി നയ്യാർ ഇ‍ൗണമിട്ട ഗാനങ്ങൾ സൂപ്പർ ഹിറ്റായതോടെ ബോളിവുഡിൽ ആശാഭോസ്‌ലേ യുഗം ആരംഭിച്ചു.


ആർ ഡി ബർമൻ, എ ആർ റഹ്മാൻ, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകരുടെയെല്ലാം ഇഷ്ട ഗായികയായിരുന്നു ആശാ ഭോസ്‍ലെ. 1995ൽ 'രംഗീല'യിലൂടെ റഹ്മാൻ ആശാ ഭോസ്‍ലെയെ തിരിച്ചുകൊണ്ടുവന്നപ്പോൾ 62-ാം വയസ്സിലും ഹിറ്റ് ചാർട്ടുകളിൽ അവർ ഇടംപിടിച്ചു. മലയാളത്തിൽ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങൾ' എന്ന ഗാനം അനശ്വരമാക്കി. സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ നടത്തിയ ആർട്ടിസ്റ്റ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ആശാ ഭോസ്‍ലെയ്ക്ക് സ്വന്തമാണ്. ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്.


രാജ്യം ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ 79-ാം വയസ്സിൽ 'മായ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ചു. വ്യക്തിജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ട ആശയുടെ ആദ്യ വിവാഹം ഗണപത്‌റാവു ഭോസ്‌ലെയുമായിട്ടായിരുന്നു. പിന്നീട് 1980-ൽ സംഗീത സംവിധായകൻ ആർ ഡി ബർമനെ വിവാഹം കഴിച്ചു. ഹേമന്ത്, പരേതയായ വർഷ, ആനന്ദ് എന്നിവരാണ് മക്കൾ. സംഗീതത്തിലെ കുസൃതിയും കുട്ടിത്തവും മായാത്ത ആ സ്വരം ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു യുഗത്തിനാണ് വിരാമമിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home