പാടിയകന്ന സുവർണയുഗം; ഓർമകളിൽ ഇനി ആശാ ലയം

തലമുറകളെ പ്രണയവും വിരഹവും താളവും കൊണ്ട് ഉണർത്തിയ ആശാ ഭോസ്‌ലെ വിടവാങ്ങുമ്പോൾ, ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. സംഗീത ലോകത്തെ ഒരു വിസ്മയ യുഗത്തിന്റെ അന്ത്യമെന്ന് തന്നെ പറയേണ്ടിവരും. ലതാ മങ്കേഷ്‌കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ അതുല്യ പ്രതിഭകൾ അടക്കിവാണ കാലഘട്ടത്തിലെ അവസാനത്തെ കണ്ണി കൂടിയായിരുന്നു ആശ. ആ 'എലീറ്റ് ക്ലബ്ബിലെ' ഏറ്റവും പ്രായം കുറഞ്ഞ അംഗം യാത്രയാകുമ്പോൾ ഇന്ത്യൻ സംഗീതത്തിന്റെ ഒരു ഇതിഹാസ അധ്യായം കൂടി പൂർണ്ണമാകുന്നു.
ലതയുടെ നിഴലിൽ നിന്ന് സ്വന്തം സിംഹാസനത്തിലേക്ക്
1943-ൽ ഒമ്പതാം വയസ്സിൽ സംഗീതയാത്ര തുടങ്ങുമ്പോൾ 'ലതയുടെ അനിയത്തി' എന്നതായിരുന്നു ആശയുടെ മേൽവിലാസം. അപ്പോഴേക്കും ലത സംഗീത ലോകത്ത് തന്റെ സാമ്രാജ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 50-കളിൽ സംഗീത സംവിധായകരുടെ ആദ്യ ചോയിസ് ലതയായിരുന്നു. ലത പാടാൻ വിസമ്മതിക്കുന്ന പാട്ടുകളോ, ലതയുടെ ശബ്ദത്തിന് ഇണങ്ങാത്ത രണ്ടാം നിര ഗാനങ്ങളോ ആയിരുന്നു തുടക്കത്തിൽ ആശയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ തളരാൻ അവർ തയ്യാറല്ലായിരുന്നു. പരിമിതമായ അവസരങ്ങളിൽ പോലും തന്റെ വേറിട്ട ശബ്ദം കൊണ്ടും ആലാപന ശൈലി കൊണ്ടും അവർ വിസ്മയം തീർത്തു. പുതിയ സംഗീത സംവിധായകരുടെ വരവോടെ ആശയിലെ ഗായികയെ ലോകം തിരിച്ചറിഞ്ഞു. ലതയുടെ നിഴലിൽ നിന്ന് മാറി അവർ സ്വന്തമായി ഒരു സിംഹാസനം തന്നെ തീർത്തു.
ബോളിവുഡിന്റെ സ്പന്ദനം
ബോളിവുഡിൽ ഡാൻസ് നമ്പറുകളുടെ പര്യായമായിരുന്നു ആശാ ഭോസ്‌ലെ. 'കാരവാനി'ലെ പിയ തു അബ് തോ ആ ജാ, 'ഡോണി'ലെ യേ മേരാ ദിൽ, 'ഹരേ രാമ ഹരേ കൃഷ്ണ'യിലെ വിപ്ലവകരമായ ദം മാരോ ദം എന്നിവ ഇന്ത്യൻ സംഗീതത്തെ ഇന്നും ആവേശം കൊള്ളിക്കുന്ന ഗാനങ്ങളാണ്. 60-കളിലും 70-കളിലും നർത്തകി ഹെലന്റെ ചുവടുകൾക്ക് ജീവൻ നൽകിയത് ആശയുടെ ശബ്ദമായിരുന്നു. ആക്ഷൻ സിനിമകളിലെ വേഗതയും റൊമാന്റിക് സിനിമകളിലെ പ്രണയവും ഒരുപോലെ ആ ശബ്ദത്തിൽ ലയിച്ചു. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്ന ആ സ്വരം ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറി.
മാറ്റമില്ലാത്ത സ്വരമാധുര്യം
പ്രായം കൂടുന്തോറും കൂടുതൽ മിഴിവേകുന്നതായിരുന്നു ആശയുടെ ശബ്ദം. ഡാൻസ് നമ്പറുകളിൽ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും അവർ തന്റെ കൈമുദ്ര പതിപ്പിച്ചു. ആശയുടെ ശബ്ദം ജീവിതത്തിന്റെ ആഘോഷവും വികാരങ്ങളുടെ വേലിയേറ്റവുമായിരുന്നു. പുതിയ ഗാനങ്ങളിലൂടെ ആ സ്വരം ഇനി നമ്മെ തേടിയെത്തില്ല എന്നത് സംഗീത പ്രേമികൾക്ക് തീരാനഷ്ടമാണ്. എങ്കിലും, എട്ടു പതിറ്റാണ്ടുകളിലായി അവർ പാടിവെച്ച പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആശാ ഭോസ്‌ലെ എന്ന ഇതിഹാസം അനശ്വരമായി തുടരും.










0 comments