ad
Deshabhimani

വിദ്വേഷം വേവുന്നില്ല, അസമിൽ വിയര്‍ത്ത് ബിജെപി കൂട്ടുകെട്ട്

asm
വെബ് ഡെസ്ക്

Published on Apr 06, 2026, 01:08 PM | 3 min read

ഗുവാഹത്തി:അസമിൽ തീവ്ര വര്‍ഗ്ഗീയതയും വിഭജന തന്ത്രങ്ങളും പ്രയോഗിച്ച് ഭരണ തുടര്‍ച്ച തേടുന്ന ബിജെപി സഖ്യം വെല്ലുവിളിയിൽ. കടുത്ത വിദ്വേഷം പ്രചരിപ്പിച്ചുള്ള വിഭജന രാഷ്ട്രീയം വോട്ടായി മാറുമെന്ന പ്രതീക്ഷ ജനങ്ങൾക്കിടയിൽ അത്രയ്ക്ക് ഏശുന്നില്ല എന്നാണ് വാര്‍ത്തകൾ.


ഇതോടെ മറ്റ് പരിപാടികൾ മാറ്റി വെച്ച് നരേന്ദ്ര മോദി രണ്ടാമതും സംസ്ഥാനത്ത് നേരിട്ട് പ്രചാരണത്തിന് ഇറങ്ങി. തിങ്കളാഴ്ച മൂന്ന് പ്രചാരണ റാലികളാണ് പ്രധാന മന്ത്രിയുടേതായി നിശ്ചയിച്ചിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘര്‍ഷം മൂലം രാജ്യം എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ആവര്‍ത്തിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങൾ. ഈ തെരഞ്ഞെടുപ്പ് സീസണിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി അസമിൽ പ്രചാരണാർത്ഥം എത്തുന്നത്. ഏപ്രിൽ1ന് ഗോഗാമുഖ്,ബെഹാലി എന്നിവിടങ്ങളിൽ റാലികളെ അഭിസംബോധന ചെയ്യുകയും ഡിബ്രുഗഢിൽ വനിതാ തോട്ടം തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തിരുന്നു.


അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം കേരളത്തിനൊപ്പം ബുധനാഴ്ച അവസാനിക്കും. ഏപ്രിൽ9ന് 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. വോട്ടുകളുടെ എണ്ണൽ മെയ് 4ന് തന്നെയാണ്. ഈ ചെറിയ ഇടവേളയിൽ അസമിൽ ട്രെൻഡുകൾ മാറിമറിയുന്നു എന്നാണ് വാര്‍ത്തകൾ പുറത്തു വരുന്നത്.


വിദ്വേഷ രാഷ്ട്രീയത്തിൽ മനം മടുത്ത്


പഴയ ബിജെപിയും, കോൺഗ്രസിൽ നിന്നും പുറത്തു വന്ന ഹിമന്ത ബിശ്വശര്‍മ്മ നേതൃത്വം നൽകുന്ന ബിജെപി മുന്നണി ഭരണവും തമ്മിൽ ആന്തരിക വൈരുദ്ധ്യങ്ങൾ നേരിടുന്നു. 2016 മുതൽ അധികാരത്തിലുള്ള ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ, 'അസം സൻമിലിത മോർച്ച' (ASM) അപ്രതീക്ഷിത മുന്നേറ്റത്തിന്റെ കരുത്ത് പ്രകടമാക്കുന്ന സാഹചര്യമാണ്. ഭരണ വിരുദ്ധ തരംഗവും വിദ്വേഷ രാഷ്ട്രീയത്തോടുള്ള മടുപ്പും ഇതോടൊപ്പം ചേരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തി.


പൗരത്വ നിയമം (CAA), മണ്ഡല പുനർനിർണ്ണയം (Delimitation), വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടുന്നുണ്ട്. ബി ജെ പിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന യു പി പി എൽ (UPPL) സീറ്റ് വിഭജനത്തിലെ തർക്കത്തെത്തുടർന്ന് എൻ ഡി എ വിട്ടത് ഭരണപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. പകരമായി ഹഗ്രാമ മോഹിലരിയുടെ ബി പി എഫുമായി (BPF) ബി ജെ പി സഖ്യം പുതുക്കിയെങ്കിലും ബോഡോ മേഖലയിലെ സമവാക്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. ബിജെപി 89 സീറ്റിലും, എജിപി 26 സീറ്റിലും, ബിപിഎഫ് 11 സീറ്റിലുമാണ് മത്സരിക്കുന്നത്.


അസം സൻമിലിത മോർച്ച മുന്നണിയുടെ ഭാഗമായി സിപിഐ എം ഇത്തവണ ഭവാനിപുരിലെ സർഭോഗ്, ഗോരേശ്വർ എന്നീ രണ്ട് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം കാഴ്ചവെക്കുന്നു. ഭവാനിപുർ - സർഭോഗ് മണ്ഡലത്തിൽ നിലവിലെ എംഎൽഎയും പ്രമുഖ നേതാവുമായ മനോരഞ്ജൻ താലൂക്ദാരാണ് രംഗത്തുള്ളത്. ഗോരേശ്വരിൽ പാർട്ടിയുടെ മുതിർന്ന നേതാവായ ബാപ്പു റാം ബോറോ ആണ് മത്സരിക്കുന്നത്. ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് പുറമെ റൈജോർ ദൾ, അസം ജാതീയ പരിഷത്ത് തുടങ്ങിയ പ്രാദേശിക പാർട്ടികൾ ഒന്നിച്ചത് ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ശക്തി പകരുന്നു.


വഞ്ചനയിൽ മനംമടുത്ത് തോട്ടം തൊഴിലാളികൾ


ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 64 ആണ്. തുടക്കത്തിൽ സർവ്വേകൾ വഴി ബി ജെ പിക്ക് നേരിയ മുൻതൂക്കം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. വോട്ട് വിഹിതത്തിൽ പ്രതിപക്ഷ സഖ്യം ബി ജെ പിക്കൊപ്പം നിൽക്കുന്ന സംസ്ഥാനമാണ്. അപ്പര്‍ അസമിലും (Upper Assam) മധ്യ അസമിലും (Central Assam) ബിജെപിക്ക് പിടിത്തം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. സിറ്റിംഗ് എം എൽ എമാരിൽ പലർക്കും ഇത്തവണ സീറ്റ് നൽകാതെ പുതുമുഖങ്ങളെ ഇറക്കിയ ബി ജെ പി നീക്കം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


തെരഞ്ഞെടുപ്പിൽ നിർണ്ണായകമായ ചായത്തോട്ടം തൊഴിലാളികളുടെ കടുത്ത ദാരിദ്ര്യവും അവര്‍ നേരിട്ട അവഗണനയും പ്രധാന വിഷയമാണ്. ഇതാണ് നരേന്ദ്ര മോദിയെ തന്നെ ഇറക്കി തൊഴിലാളികളുമായി സംവദിക്കുന്ന നാടകം സൃഷ്ടിക്കാൻ ഇടയാക്കിയത്.


അസമിലെ ഏകദേശം 35-40 സീറ്റുകളിൽ നിർണ്ണായക സ്വാധീനമുള്ളവരാണ് ചായത്തോട്ടം തൊഴിലാളികൾ (Tea Tribes). എസ് ടി പദവി ഉൾപ്പെടെ വലിയ വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവർ ബി ജെ പിയെയാണ് തുണച്ചത്. തൊഴിലാളികളുടെ പ്രതിദിന വേതനം 351 രൂപ ആക്കുമെന്ന വാഗ്ദാനമായിരുന്നു ഇതിൽ പ്രധാനമായത്. പക്ഷേ വഞ്ചിക്കപ്പെട്ടതായി തൊഴിലാളികൾ തിരിച്ചറിഞ്ഞു. എസ് ടി പദവി ദശാബ്ദങ്ങളായി ഇവരെ വഞ്ചിക്കാനായി പ്രയോഗിക്കുന്നു.


കഴിഞ്ഞ തവണത്തെപ്പോലെ അനായാസം വാഗ്ദാനം ആവര്‍ത്തിച്ച് വിജയിക്കാവുന്ന സാഹചര്യമല്ല ഇപ്പോൾ ഇവിടെയുള്ളത്. അതിര്‍ത്തി മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ പകരം വര്‍ഗ്ഗീയത കുത്തിച്ചെലുത്താനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ഇതും ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നത് അവരെ പ്രതിസന്ധിയിലാക്കുന്നു.


അസമിലെ ആകെ ജനസംഖ്യയുടെ ഏകദേശം 17% മുതൽ 20% വരെ വരുന്നത് ടീ ട്രൈബ്സ് വിഭാഗമാണ്. ഏകദേശം 35 ലക്ഷത്തോളം വോട്ടർമാർ ഈ സമൂഹത്തിലുണ്ട്. ദശാബ്ദങ്ങളോളം കോൺഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ഇവർ. 2016-ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളിൽ ഈ വോട്ട് ബാങ്ക് വലിയ തോതിൽ ബി ജെ പിയിലേക്ക് മാറി. വേതന വർദ്ധനവ്, ക്ഷേമ പദ്ധതികൾ എന്നിവയായിരുന്നു ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങൾ. എന്നാൽ ഫലത്തിൽ ഇവയെല്ലാം പാഴായിരുന്നു എന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞതാണ് ഇവിടെ പ്രവചനം മാറ്റി മറിക്കുന്നത്.


വര്‍ഗ്ഗീയ വോട്ടുകളും നഗര പ്രദേശങ്ങളിലെ മധ്യവര്‍ഗ്ഗ വോട്ടുകളുമായി അധികാരം പിടിച്ചു നിര്‍ത്താനാണ് ബിജെപി ബദൽ മാര്‍ഗ്ഗം ആവിഷ്കരിച്ചിട്ടുള്ളത്. അസം എന്ന സാംസ്കാരിക ഐഡന്റിന്റിയുടെ പേരിൽ ഇതര വിഭാഗങ്ങളെ കൂടി വിഭജിച്ച് കൂടെ നിര്‍ത്താൻ ശ്രമിക്കുന്നു. ന്യൂനപക്ഷ, തോട്ടം തൊഴിലാളി മേഖലകളിൽ ഇവ വേണ്ടത്ര വിലപ്പോവുന്ന സാഹചര്യമല്ല. മാത്രമല്ല പ്രതിപക്ഷം വിലക്കയറ്റവും ഭരണഘടനാ സംരക്ഷണവും ഉയര്‍ത്തിപ്പിടിച്ച് ഇതിനെ ചെറുക്കുകയും ചെയ്യുന്നു. അസമിൽ ഇത്തവണ ഏകപക്ഷീയമായ മത്സരമല്ല.









deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home