'സഞ്ചാർ സാഥി' സ്വകാര്യതയ്ക്ക് ഭീഷണി; ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവിനെ എതിർക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാർ ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നീക്കം പൗരൻമാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാകുന്നു. 'സഞ്ചാർ സാഥി' എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവിനെ ആപ്പിൾ എതിർക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം ജനങ്ങളുടെ മേൽ നിരീക്ഷണത്തിന്റെ കരിമ്പടം പുതപ്പിക്കാനുള്ള ശ്രമമാണെന്നാണ് പ്രധാന വിമർശനം.
മോഷ്ടിക്കപ്പെട്ട ഫോണുകൾ ട്രാക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും, ഈ നിർബന്ധിത ഇൻസ്റ്റാളേഷൻ പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണെന്നാണ് ആശങ്കകൾ. രാജ്യത്തെ 73 കോടി സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ മേൽ അധികാരികള്‍ക്ക് അനാവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഈ നീക്കം കാരണമാകും. വിവരങ്ങൾ ചോർത്താനും വ്യക്തികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഈ ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശത്തോട് സഹകരിക്കേണ്ടതില്ലെന്ന് ആപ്പിൾ തീരുമാനിച്ചത്. ലോകത്ത് ഒരിടത്തും ഇത്തരം സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ അനുവദിക്കാറില്ല. ഇത്തരം ഉത്തരവുകൾ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ iOSൻ്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യത മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്ന് ആപ്പിൾ കേന്ദ്രത്തെ അറിയിക്കും.
നിർബന്ധിത ഇൻസ്റ്റലേഷനിലൂടെ ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിലെ പാളിച്ചകളെക്കുറിച്ചും ആപ്പിൾ ആശങ്കകൾ അറിയിക്കുമെന്നാണ് സൂചന. ഒരു വശത്ത് സൈബർ സുരക്ഷ ഉറപ്പാക്കുന്നു എന്ന് സർക്കാർ പറയുമ്പോൾ, മറുവശത്ത് പൗരൻ്റെ സ്വകാര്യ ജീവിതത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന രാഷ്ട്രീയ വിമർശനമാണ് ഇതോടെ രാജ്യത്ത് ശക്തമാകുന്നത്.









0 comments