അണ്ണാ സർവകലാശാല പീഡനക്കേസ്: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജ്ഞാനശേഖർ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. ജൂൺ രണ്ടിന് ശിക്ഷാവിധി പ്രഖ്യാപിക്കും. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.
പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി സർവകലാശാല അധികൃതർക്കും പൊലീസിനും പരാതി നൽകി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.









0 comments