ആടുകളുടെ കഴുത്തിൽ കടിച്ചു, രക്തം വാർന്ന് മരിക്കുന്നതുവരെ കാത്തിരുന്നു; തെലങ്കാനയിൽ ബലിയുടെ പേരിൽ കൊടുംക്രൂരത

ഹൈദരാബാദ്: തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ മതപരമായ ചടങ്ങിനിടെ അരങ്ങേറിയ മൃഗക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഭീമണ്ണ ജാത്ര ഉത്സവത്തിനോടനുബന്ധിച്ച് റായ്ക്കൽ ടൗണിലെ ക്ഷേത്രത്തിലാണ് ഡസൻ കണക്കിന് ആടുകളെ കഴുത്തിൽ കടിച്ചു കീറി ക്രൂരമായി കൊലപ്പെടുത്തിയത്. ആടുകളെ ബലികഴിക്കുന്നതിനായി അവയുടെ കഴുത്തിൽ കടിച്ചു മുറിവേൽപ്പിക്കുകയും തുടർന്ന് രക്തം വാർന്ന് മരിക്കാൻ കിടത്തുകയുമായിരുന്നു ചെയ്തത്.
മനുഷ്യർ ആടുകളുടെ കഴുത്തിൽ കടിക്കുന്നതും മുഖത്തും ശരീരത്തിലും രക്തം പടർന്ന നിലയിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. മൃഗങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചു കൊണ്ട് നടത്തിയ ഈ പ്രാകൃത രീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മൃഗക്ഷേമ പ്രവർത്തകനായ അതുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത, തെലങ്കാന സ്റ്റേറ്റ് ആക്ട്, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചടങ്ങിന്റെ സംഘാടകരായ പി സുധാകർ, ഡി ഗംഗാധർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇത്തരത്തിലുള്ള നിയമവിരുദ്ധവും ക്രൂരവുമായ ബലിരീതികൾ അനുവദിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സബ് ഇൻസ്‌പെക്ടർ ചിത്നേനി സുധീർ റാവു അറിയിച്ചു.










0 comments