print edition അനിൽ അംബാനി 31,580 കോടി തട്ടിയെന്ന ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി
അനിൽ അംബാനിയും അദ്ദേഹത്തിന്റെ റിലയൻസ് കമ്യൂണിക്കേഷൻസും (ആർസിഒഎം) മറ്റ് ചില സ്ഥാപനങ്ങളും ചേർന്ന് 31,580 കോടി രൂപയുടെ ബാങ്ക്‌വായ്‌പ തട്ടിപ്പ് നടത്തിയെന്ന കേന്ദ്രസർക്കാർ മുൻസെക്രട്ടറിയുടെ ഹർജിയിൽ മറുപടി തേടി സുപ്രീംകോടതി.
കേന്ദ്രസർക്കാരും ഇഡിയും സിബിഐയും അനിൽ അംബാനിയും മൂന്നാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ‘‘രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക്‌തട്ടിപ്പാണിത്. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം’’ –ഇ എ എസ് ശർമയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
2007-–08ൽ നടന്ന തട്ടിപ്പിൽ ആർബിഐ നൽകിയ പരാതിയിൽ 2025ൽ മാത്രമാണ് സിബിഐ കേസെടുത്തത്. വ്യാപക തട്ടിപ്പ് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ ഉണ്ടായിരിക്കേ 2,921 കോടി നഷ്‌ടമുണ്ടാക്കിയെന്ന കേസിൽ മാത്രമാണ് അന്വേഷണം. എസ്‌ബിഐ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽനിന്ന് 31,580 കോടിരൂപ അനിൽ അംബാനി പ്രമോട്ടറായ ആർസിഒഎം വായ്‌പയെടുത്തുവെന്നും അത് നിഴൽ കന്പനികളിലേക്ക് വഴിതിരിച്ചുവിട്ട് തട്ടിപ്പുനടത്തിയെന്നുമാണ് പ്രധാന ആരോപണം.









0 comments