ക്ലാസ് മുറിയിൽ അധ്യാപകനെ മർദിച്ച് പത്താം ക്ലാസുകാരൻ; ദൃശ്യങ്ങൾ പുറത്ത്

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദിച്ചു. കൃഷ്ണ ജില്ലയിലെ വീരവല്ലി ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് സംഭവം. അധ്യാപകനെ വിദ്യാർത്ഥി മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
സ്കൂൾ സമയത്ത് അച്ചടക്കലംഘനം നടത്തിയതിന് അധ്യാപകൻ വിദ്യാർത്ഥിയെ ശാസിച്ചതാണ് മർദനത്തിൽ കലാശിച്ചത്. അധ്യാപകനുമായി തർക്കത്തിലേർപ്പെട്ട വിദ്യാർത്ഥി പ്രകോപിതനായി വയറ്റിൽ ഇടിക്കുകയായിരുന്നു. അധ്യാപകൻ തന്റെ അമ്മയെ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് വിദ്യാർത്ഥി പിന്നീട് മൊഴി നൽകിയെങ്കിലും ദൃശ്യങ്ങൾ ഗൗരവതരമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥി പ്രായപൂർത്തിയാകാത്ത ആളായതിനാലും പൊതുപരീക്ഷ അടുത്തിരിക്കുന്നതിനാലും കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ആക്രമണ സ്വഭാവം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.











0 comments