ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം

ന്യൂഡൽഹി: 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി നടന്നെന്ന ആരോപണവുമായി സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. വോട്ടെടുപ്പ് ദിവസം രാത്രി 8നും പുലർച്ചെ 2നും ഇടയിൽ 52 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയെന്നും ഇതിൽ 17 ലക്ഷവും അർദ്ധരാത്രിക്ക് ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല ബൂത്തുകളിലും വെറും ആറ് സെക്കൻഡിൽ ഒരു വോട്ട് എന്ന നിരക്കിലാണ് പോളിംഗ് നടന്നത്. ഒരു ഇവിഎം മെഷീൻ പുനഃസജ്ജമാക്കാൻ 14 സെക്കൻഡ് വേണമെന്നിരിക്കെ, ഇത്രയും വേഗത്തിൽ വോട്ട് രേഖപ്പെടുത്തിയത് അസാധ്യമാണെന്നും 3,500 ബൂത്തുകളിൽ പുലർച്ചെ വരെ പോളിംഗ് നീണ്ടത് ദുരൂഹമാണെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പോളിംഗ് ശതമാനത്തിലെ അസ്വാഭാവിക വർദ്ധനവും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. മേയ് 13ന് വൈകിട്ട് അഞ്ചിന് 68.04 ശതമാനമായിരുന്ന പോളിംഗ്, നാല് ദിവസത്തിന് ശേഷം അന്തിമ കണക്കുകൾ വന്നപ്പോൾ 81.79 ശതമാനമായാണ് ഉയർന്നത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 164 സീറ്റുകൾ നേടിയ ഈ തെരഞ്ഞെടുപ്പിൽ, വോട്ടർ ടേൺഔട്ട് ഡാറ്റയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓരോ ബൂത്തിലെയും കൃത്യമായ കണക്കുകൾ അടങ്ങിയ 'ഫോം 17 സി' എന്തുകൊണ്ട് പരസ്യമാക്കിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇതോടൊപ്പം ചോദ്യമുയർത്തി.
തെരഞ്ഞെടുപ്പ് രേഖകളായ ഫോം 17 സി, ഫോം 20 എന്നിവയുടെ ഓഡിറ്റ് വേണമെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറൈഷിയും ആവശ്യപ്പെട്ടു. ബൂത്ത് തലത്തിലെ ഡാറ്റയും പിന്നീട് പുറത്തുവന്ന സംയോജിത കണക്കുകളും തമ്മിലുള്ള വ്യത്യാസം പരിശോധിക്കപ്പെടണം. എന്നാൽ, ഈ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പൂർണ്ണമായും തള്ളി. ക്രമക്കേടുകൾ ഉണ്ടെങ്കിൽ സ്ഥാനാർഥികൾക്കോ പാർടികൾക്കോ കോടതിയെ സമീപിക്കാമായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും കാലത്തിന് ശേഷം ഇത്തരം ഡാറ്റ പുറത്തുവിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കമീഷന്റെ വിശദീകരണം.










0 comments