ad
Deshabhimani

ആന്ധ്രയിൽ മായം കലർന്ന പാൽ കുടിച്ച് നാല് മരണം; വിതരണക്കാരൻ അറസ്റ്റിൽ

Milk poisoning.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 01:04 PM | 1 min read

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ മായം കലർന്ന പാൽ കുടിച്ച് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. പാൽ ഉപയോഗിച്ച ഉടൻ തന്നെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ പാൽ വിതരണക്കാരനായ വെങ്കിടേശ്വര റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറ് വയസ്സുകാരനും പത്ത് വയസ്സുകാരിയും ഉൾപ്പെടുന്നു. പാൽ കുടിച്ച മറ്റ് മൂന്ന് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


പാലിന്റെ അളവ് വർദ്ധിപ്പിക്കാനും കേടാകാതിരിക്കാനും യൂറിയ ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചതായാണ് സംശയം. ശേഖരിച്ച പാൽ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.


വധശ്രമം, മായം കലർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിതരണക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.


ദുരന്തത്തെത്തുടർന്ന് ജില്ലയിലെ മുഴുവൻ പാൽ സംഭരണ കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന ആരംഭിച്ചു. ഭക്ഷ്യവസ്തുക്കളിൽ ലാഭത്തിനായി മാരക വിഷം കലർത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.


വിപണിയിൽ ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home