ad
Deshabhimani

print edition "അമിത്‌ ഷായെ കാണാനില്ല"; സഭയില്‍ പ്രതിഷേധം തുടരും

amit.p
avatar
സ്വന്തം ലേഖകൻ

Published on Aug 10, 2026, 01:30 AM | 1 min read

ന്യൂഡൽഹി: പാർലമെന്റ്‌ വർഷകാല സമ്മേളനം അവസാനഘട്ടത്തിലേക്ക്‌ നീങ്ങുന്പോഴും മോദിസർക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടർന്ന്‌ പ്രതിപക്ഷം. ജന്തർമന്തറിലെ യുവജനവേട്ടയിൽ വിശദീകരണം നൽകാത്ത ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ധാർഷ്ട്യത്തിനെതിരെയും അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ ചർച്ച അനുവദിക്കാത്തതിലും പ്രതിപക്ഷ പ്രതിഷേധം വരുംദിവസങ്ങളിലും തുടരും. ഇതോടൊപ്പം, ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ ഭേദഗതി ബിൽ കൂടി കൊണ്ടുവന്നാൽ പാർലമെന്റ്‌ വീണ്ടും പ്രക്ഷുബ്‌ധമാകും.


ജൂലൈ 20ന്‌ തുടങ്ങിയ വർഷകാല സമ്മേളനം 13നാണ്‌ അവസാനിക്കുന്നത്‌. 15 ദിവസമാണ്‌ ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ചത്‌. പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിലെ ചർച്ച ഒഴിച്ചുനിർത്തിയാൽ ബാക്കി നടപടികളിലൊന്നും പ്രതിപക്ഷം സഹകരിച്ചിട്ടില്ല. 15 ദിവസത്തിൽ 90 ബിസിനസ്‌ അവറുകളാണ്‌ നിശ്‌ചയിച്ചതെങ്കിലും ലോക്‌സഭ 15.36 മണിക്കൂറും രാജ്യസഭ 24.21 മണിക്കൂറും മാത്രമാണ്‌ ചേർന്നത്‌. അതായത്‌ നിശ്‌ചയിക്കപ്പെട്ട സമയത്തിന്റെ 44 ശതമാനം മാത്രം. ഇതിൽ കാര്യമായി നടന്നത്‌ പരീക്ഷാക്രമക്കേടുകൾ തടയൽ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചയാണ്‌.


ബാക്കി ബില്ലുകൾ ലോക്‌സഭയിൽ ചർച്ച കൂടാതെയും രാജ്യസഭയിൽ നാമമാത്ര ചർച്ചയിലുമാണ്‌ പാസാക്കിയത്‌. ലോക്‌സഭയിൽ ചർച്ച കൂടാതെ ഏഴ്‌ ബില്ലും രാജ്യസഭയിൽ 5.50 മണിക്കൂർ ചർച്ചയിൽ അഞ്ച്‌ ബില്ലും പാസാക്കി. പാർലമെന്റിന്‌ പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്‌. ‘അമിത്‌ ഷായെ കാണാനില്ല’ എന്ന മുദ്രാവാക്യമാണ്‌ പ്രതിപക്ഷം ഉയർത്തുന്നത്‌. എഫ്‌സിആർഎ ഭേദഗതി ബിൽ വീണ്ടും വരുന്നപക്ഷം ഭരണപക്ഷത്തിന്റെ ചർച്ചകൾക്ക്‌ നേതൃത്വം നൽകാൻ അമിത്‌ ഷാ എത്തിയേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home