ad
Deshabhimani

യുഎസിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം ഇടിവ്‌

export
വെബ് ഡെസ്ക്

Published on Oct 17, 2025, 12:49 AM | 1 min read

ന്യൂഡൽഹി: ട്രംപ്‌ 50 ശതമാനം പ്രതികാരത്തീരുവ അടിച്ചേൽപ്പിച്ചതോടെ ഇന്ത്യയിൽനിന്ന്‌ യുഎസിലേക്കുള്ള കയറ്റുമതി ഗണ്യമായി ഇടിഞ്ഞു. സെപ്‌തംബറിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 12 ശതമാനമാണ്‌ കുറവ്‌. എന്നാൽ ചൈനയിലേക്കുള്ള കയറ്റുമതി 34.18 ശതമാനവും യുഎഇയിലേക്കുള്ളത്‌ 24.33 ശതമാനവും വർധിച്ചു. യുഎസിലേക്കുള്ള കയറ്റുമതി ഇടിഞ്ഞെങ്കിലും ഇന്ത്യയുടെ ആകെ കയറ്റുമതിയിൽ 6.74 ശതമാനം വർധനയുണ്ട്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ചൈന വിപണി കൂടുതലായി തുറന്നതാണ്‌ നേട്ടത്തിന്‌ കാരണം. ചൈനയിൽനിന്ന്‌ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 32.83 ശതമാനം വർധിച്ചു. യുഎഇയിൽ നിന്നുള്ള ഇറക്കുമതി 16.35 ശതമാനവും കൂടി.

അതേസമയം, ഇന്ത്യയുടെ വ്യാപാരക്കമ്മി 2.71 ലക്ഷം കോടി രൂപയായി ഉയർന്നു. 3.17 ലക്ഷം കോടി രൂപയുടേതാണ്‌ ഇന്ത്യയുടെ ആകെ കയറ്റുമതി. ഇറക്കുമതി 5.28 ലക്ഷം കോടിയുടേതും. സെപ്‌തംബറിൽ ഇറക്കുമതിയിൽ 16.6 ശതമാനത്തിന്റെ വർധനയുണ്ടായി.

സേവന മേഖലയിലെ കയറ്റുമതി അഞ്ചുശതമാനം ഇടിഞ്ഞ്‌ 2.68 ലക്ഷം കോടിയായി. സ്വർണം, വെള്ളി, രാസവളം എന്നിവയുടെ ഇറക്കുമതി ഗണ്യമായി കൂടി. സ്വർണത്തിന്റെ ഇറക്കുമതി ഇരട്ടിയിലേറെ വർധിച്ച്‌ 83,520 കോടിയായി. രാസവളം ഇറക്കുമതി രണ്ടിരട്ടിയായി 20,010 കോടി രൂപയിലെത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 5.85 ശതമാനം ഇടിഞ്ഞ്‌ 1.22 ലക്ഷം കോടി രൂപയായി.

റഷ്യയിൽനിന്നുള്ള പെട്രോളിയം ഇറക്കുമതി 16.65 ശതമാനം ഇടിഞ്ഞപ്പോൾ യുഎസിൽ നിന്നുള്ള ഇറക്കുമതി 11.78 ശതമാനം വർധിച്ചു.കൂടുതൽ തൊഴിലുകൾ ആവശ്യമായ ടെക്‌സ്റ്റൈൽസ്‌, ചണം, പരവതാനി, കരക‍ൗശല ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി അഞ്ചുമുതൽ 13 ശതമാനംവരെ ഇടിഞ്ഞു. ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 58 ശതമാനവും ഇരുന്പയിരിന്റേത്‌ 60 ശതമാനവും വർധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home