ad
Deshabhimani

ഉത്തര്‍പ്രദേശിൽ അംബേദ്കര്‍ പ്രതിമ വീണ്ടും തകര്‍ത്തു; മൂന്നു കേസുകളിലും പ്രതികളെ കണ്ടെത്താനായില്ല

Ambedkar statue damaged in UP village

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Sep 14, 2026, 05:26 PM | 1 min read

ഈറ്റ: ഉത്തര്‍പ്രദേശിലെ ഈറ്റ ജില്ലയിൽ ഭരണഘടനാ ശില്പി ഡോ ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ഈറ്റയിലെ ലാലാഹട്ട് ഗ്രാമത്തിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം പുറത്തറിഞ്ഞതോടെ ഗ്രാമവാസികൾ ഒന്നടങ്കം സംഘടിച്ചെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ് മൂന്നു വര്‍ഷമായി ഇതേ പ്രതിമക്ക് നേരെ ആക്രമണങ്ങൾ ആവര്‍ത്തിക്കുന്നു.


പ്രതിമയക്ക് സുരക്ഷ ഒരുക്കാനും ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാനും തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരിയായിരുന്നു. എന്നാൽ അധികൃതര്‍ നടപടി എടുക്കാൻ തയാറാവാതെ നിസംഗത തുടര്‍ന്നു. കഴിഞ്ഞ വര്‍ഷവും ആക്രമണം ആവര്‍ത്തിച്ചപ്പോൾ വെറുതെ കേസ് എടുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഗ്രാമവാസിയായ വികാസ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തുടര്‍ അന്വേഷണങ്ങളോ നടപടികളോ ഉണ്ടായില്ല.


പ്രതിമ ഉടൻ പുനസ്ഥാപിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രദേശത്ത് വൻ സന്നാഹത്തോടെ പൊലീസിനെ വിന്യസിച്ചിരിക്കയാണ്. എസ് പി ജി ഇളമാരൻ നടപടി ഉറപ്പ് നൽകിയതോടെയാണ് ഗ്രാമവാസികൾ പിരിഞ്ഞു പോയത്. പ്രദേശത്ത് സിസിടിവി ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടെങ്കിലും സമാനമായ ആക്രമണങ്ങളിൽ ഒന്നിലും ഇതുവരെ പ്രതികളെ കണ്ടെത്താൻ യു പി പൊലീസിന് കഴിഞ്ഞിട്ടില്ല.


ഓരോ വര്‍ഷവും നിരവധി ആക്രമണങ്ങൾ


അംബേദ്കര്‍ പ്രതിമയെയും അദ്ദേഹത്തിന്റെ പേരിലുള്ള ബോര്‍ഡുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിരവധിയാണ്. ബിജെപി സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലും റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടായി കഴിഞ്ഞാൽ കേസ് അന്വേഷിക്കുന്നതിന് പകരം അമര്‍ഷം തിരിച്ചുവിടാൻ തന്ത്രപരമായി ഇടപെടൽ നടത്തുക മാത്രമാണ് ചെയ്യുന്നത്.


അജ്ഞാതര്‍ക്ക് എതിരായി ഓരോ വര്‍ഷവും ഡസൻ കണക്കിന് എഫ് ഐ ആറുകൾ ഇടും. ഇതിന് ശേഷം തത്കാല നടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ ചെലവിൽ അറ്റകുറ്റ പണികൾ പ്രഖ്യാപിക്കും. ഒരു അന്വേഷണവും ഇല്ലാതെ അവസാനിപ്പിക്കും. ഏറ്റവും അധികം അതിക്രമങ്ങൾ നടക്കുന്നത് ഗ്രാമീണ മേഖലകളിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home