ad
Deshabhimani

തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ചു; പൊലീസുകാരന് സസ്പെൻഷൻ

Sultan bathery Police Station Sabith

സബിത്ത്

വെബ് ഡെസ്ക്

Published on Sep 14, 2026, 05:13 PM | 1 min read

ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ പൊലീസുദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. നിലവിൽ സബിത്ത് ഒളിവിലാണ്.


ഏഴ്‌ ചാക്കുകളിലായുണ്ടായിരുന്ന 12,000 പാക്കറ്റ്‌ ഹാൻസാണ്‌ സ്‌റ്റേഷനിൽനിന്ന്‌ കടത്തിയത്‌. സ്റ്റേഷനിൽ നിന്നും സബിത്ത് ഹാൻസ് കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ ജൂൺ ഏഴിന്‌ ബത്തേരി ദൊട്ടപ്പൻകുളം മൂർഖൻപറന്പിൽ ഇസാഖിന്റെ ഗോഡ‍ൗണിൽ നിന്നാണ്‌ ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന്‌ ഏഴ്‌ ചാക്ക്‌ ഹാൻസും 1800 പാക്കറ്റ്‌ കൂൾലീപും പിടികൂടിയത്‌. ഹാജരാക്കിയ തൊണ്ടി മുതൽ ബത്തേരി കോടതി പൊലീസ്‌ സ്‌റ്റേഷന്റെ സ്‌റ്റോർ മുറിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അസി. റൈറ്ററുടെ ഓഫീസ്‌ മുറിയിലായിരുന്നു സ്‌റ്റോർ മുറിയുടെ താക്കോൽ. വ്യാഴാഴ്‌ച സ്‌റ്റേഷൻ റൈറ്റർ സ്‌റ്റോർമുറി ശുചീകരണത്തിനായി തുറന്നപ്പോഴാണ്‌ തൊണ്ടി മുതലുകൾ നഷ്‌ടമായത്‌ ശ്രദ്ധയിൽപ്പെട്ടത്‌. തൊണ്ടി മുതലായ ലഹരി വസ്‌തുക്കൾ കളവ്‌ പോയത്‌ പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home