'നേരിട്ടത് കൊടിയ പീഡനങ്ങൾ, ദയവായി കേസെടുക്കൂ' അലഹബാദ് ഹൈക്കോടതിയിൽ ആത്മഹത്യ ഭീഷണിയുമായി യുവതി

കോടതി സമുച്ചയത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവതി (ഇടത്) അലഹബാദ് ഹൈക്കോടതി (വലത്)
ലഖ്നൗ: മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങൾ താൻ നേരിട്ടുവെന്നും കേസെടുക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതിയിൽ ആത്മഹത്യ ഭീഷണിയുമായി യുവതി. മതപരിവർത്തനത്തിനും കൂട്ടബലാത്സംഗത്തിനും താൻ ഇരയായെന്നും കേസെടുക്കണമെന്നുമായിരുന്നു ഗോണ്ട സ്വദേശിനിയായ യുവതിയുടെ ആവശ്യം. കരഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ മേൽക്കൂരയിൽ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഭീഷണി മുഴക്കിയത്.
വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ ശേഷം നിരവധി പേർ ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നും, ബലമായി മതംമാറ്റത്തിന് വിധേയയാക്കിയതായും പിന്നീട് വിവാഹത്തിന് നിർബന്ധിതയാക്കിയതായും യുവതി ആരോപിക്കുന്നു. ഈ കാലളവിൽ ശാരീരികവും മാനസികവുമായ ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായും ഇവർ കൂട്ടിച്ചേർത്തു. കൂടാതെ, ഗ്രാമത്തലവനും മറ്റ് നാട്ടുകാരും പ്രതികൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും, അവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
ആവർത്തിച്ചുള്ള കൂട്ടബലാത്സംഗം, മതം മാറ്റാനുള്ള സമ്മർദ്ദം, നിർബന്ധിത വിവാഹവുമായി ബന്ധപ്പെട്ട ഭീഷണികൾ എന്നിവയെക്കുറിച്ച് തന്റെ വിശദമായ മൊഴിയിൽ അവർ വിവരിക്കുന്നുണ്ട്. ഈ പീഡനങ്ങളിലുടനീളം താൻ ശാരീരികമായും മാനസികമായും ക്രൂരമായി ഉപദ്രവിക്കപ്പെട്ടതായും ഇത് തന്റെ ജീവിതത്തെ തകർത്തതായും അവർ പറഞ്ഞു. സംഭവത്തിൽ കേസ് എടുക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതി സമുച്ചയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കുട്ടിയെയും താഴേയ്ക്ക് വലിച്ചെറിഞ്ഞതിന് ശേഷം താനും താഴേയ്ക്ക് ചാടുമെന്നായിരുന്നു ഭീഷണി. ഒടുവിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകർ ഇടപെട്ടാണ് ഇരുവരെയും താഴെയിറക്കിയത്.










0 comments