44 വർഷം മുമ്പുള്ള കൊലപാതകം; 100 വയസുകാരനെ വെറുതെ വിട്ട് കോടതി

അലഹബാദ് : 1982ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വയോധികനെ കുറ്റവിമുക്തനാക്കി അലഹബാദ് ഹൈക്കോടതി. 1984ൽ ഹാമിർപൂരിലെ ഒരു സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ധനിറാമിന്റെ ശിക്ഷയാണ് ജസ്റ്റിസുമാരായ ചന്ദ്രധരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ശിക്ഷയ്‌ക്കെതിരായ ധനിറാമിന്റെ അപ്പീൽ 40 വർഷത്തിലേറെയായി ഹൈക്കോടതിയിൽ പരിഗണനയിലായിരുന്നു. നൂറുവയസുള്ള ധനിറാമിനെ സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ പരിഗണിക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് കുറ്റവിമുക്തമാക്കിയത്.
1982 ആഗസ്തിൽ ഹാമിർപൂർ ജില്ലയിൽ ഗൻവ എന്ന വ്യക്തിയെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് വെടിവച്ചുകൊന്നതാണ് കേസ്. മൈക്കു എന്നയാളാണ് വെടിയുതിർത്തത്. ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ധനിറാമും സത്തി ദിൻ എന്ന സുഹൃത്തും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം ചുമത്തി വിചാരണ കോടതി ധനിറാമിനെയും സത്തിദീനെയും ശിക്ഷിച്ചു. പ്രധാന പ്രതി മൈക്കു ഒളിവിൽപോയി.
ഹൈക്കോടതിയിൽ വിധിയെ ചോദ്യം ചെയ്ത് ഇരുവരും കോടതിയെ സമീപിച്ചു. അപ്പീൽ പരിഗണനയിലിരിക്കെ ഇരുവർക്കും ജാമ്യം ലഭിച്ചു. തുടർന്ന് ജീവപര്യന്തം ശിക്ഷ റദ്ദാക്കാനായി ഇരുവരും കോടതിയെ സമീപിച്ചെങ്കിലും കേസ് അസാധാരണമായി നീണ്ടു പോവുകയായിരുന്നു. വിചാരണ കാലയളവിൽ കൂട്ടുപ്രതിയായ സത്തി ദിൻ മരണപ്പെട്ടു. കുറ്റവിമുക്തമാക്കിയ വിധിയിൽ പ്രധാന പ്രതിയായ മൈക്കുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിയുടെ പ്രായം അവഗണിക്കാൻ കഴിയാത്ത ഘടകങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
ശിക്ഷ റദ്ദാക്കിയ കോടതി, ധനിറാമിനെ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കുകയും ജാമ്യവ്യവസ്ഥകൾ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു.










0 comments