print edition എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. വിമാനത്തിന്റെ ക്യാപ്‌റ്റനായ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പൈലറ്റിനെതിരെയുള്ള പുതിയ കണ്ടെത്തലുകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിമാനം താഴേക്ക് പതിച്ചപ്പോൾ പൈലറ്റ് കോക്‌പിറ്റിന്റെ നിലത്ത് ഇരിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു. ലാൻഡിങ്ങിന് ശേഷം നേരെ നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പരിക്കേറ്റവരെ പരിശോധിക്കാൻ കാബിനിലെത്തിയ പൈലറ്റ് ഒരു കാലിൽ ഷൂ ധരിച്ചിരുന്നില്ല. തന്റെ വീഡിയോ എടുക്കരുതെന്ന് യാത്രക്കാരോട് നിർദേശിക്കുകയും ചെയ്‌തു.
വിമാനത്തിലെ ഒരു ജീവനക്കാരിയോട് പൈലറ്റ് മോശമായി പെരുമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാനായി ജീവനക്കാരെ ഇയാൾ ഒരു പാർട്ടിയിലേക്ക് ക്ഷണിച്ചു. ഇവിടെവെച്ച് കഞ്ചാവ് ഉപയോഗിച്ചതായാണ് വിവരം. വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് ഒരു ജീവനക്കാരൻ പരാതി നൽകുകയും ചെയ്‌തിരുന്നു.










0 comments