പശ്ചിമേഷ്യയിലേക്ക് 58 വിമാനങ്ങൾ പറത്തും; പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

മുംബൈ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും വിമാന സർവീസുകൾ തുടരാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ബുധനാഴ്ച പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 58 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഇരു വിമാനക്കമ്പനികളും അറിയിച്ചു.
സംഘർഷത്തെത്തുടർന്ന് പലയിടങ്ങളിലും വ്യോമപാത അടച്ചതും നിയന്ത്രണങ്ങൾ നിലനിൽക്കുന്നതും കണക്കിലെടുത്ത് കടുത്ത ജാഗ്രതയോടെയാണ് വിമാനങ്ങൾ പറത്തുന്നത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമാണ് പ്രധാനമായും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ ജിദ്ദയിലേക്ക് എട്ട് സർവീസുകൾ നടത്തും. ഇതിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്ക് 14 സർവീസുകൾ നടത്തും.
കേരളത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള മസ്കറ്റ് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും.
പതിവ് സർവീസുകൾക്ക് പുറമെ യുഎഇയിലേക്ക് 36 പ്രത്യേക സർവീസുകൾ നടത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ വിമാനത്താവളങ്ങളിലെ സ്ലോട്ടുകളുടെ ലഭ്യതയും പ്രാദേശിക നിയന്ത്രണങ്ങളും അനുസരിച്ചായിരിക്കും ഈ വിമാനങ്ങൾ പറക്കുക.
ഇന്ത്യൻ നാവികസേനയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതിയോടെയാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സംഘർഷം കാരണം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ട പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.










0 comments