വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; ഇനി ഇന്ധന സർചാർജും നൽകണം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കിന് പുറമെ സർചാർജ് ഈടാക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചത്.
ഇതോടെ ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും ടിക്കറ്റ് നിരക്ക് വർദ്ധിക്കും. പുതിയ തീരുമാനപ്രകാരം ആഭ്യന്തര സർവീസുകളിൽ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി നൽകണം. വ്യാഴാഴ്ച പുലർച്ചെ മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇത് ബാധകം.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) സർചാർജ് നൽകണം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും നിരക്ക് വർദ്ധന ബാധകമാണ്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാർച്ച് 18 മുതൽ സർചാർജ് നിലവിൽ വരും.
യൂറോപ്പിലേക്ക് 25 ഡോളറും നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 50 ഡോളറുമാണ് അധികമായി ഈടാക്കുക. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 30 ഡോളറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 20 ഡോളറുമാണ് സർചാർജ്.
നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് അധിക തുക ബാധകമല്ലെങ്കിലും തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ പുതിയ നിരക്ക് നൽകേണ്ടി വരും. വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചിലവാകുന്നത്.
സർചാർജ് ഏർപ്പെടുത്തിയില്ലെങ്കിൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന നിലപാടിലാണ് കമ്പനികൾ. എയർ ഇന്ത്യ ഗ്രൂപ്പിന് പിന്നാലെ മറ്റ് വിമാനക്കമ്പനികളും നിരക്ക് വർദ്ധന പ്രഖ്യാപിച്ചേക്കും.










0 comments