എയർ ഇന്ത്യ വിമാനദുരന്തം: ഒത്തുതീർപ്പ് കരാറിൽ ഒപ്പിടരുതെന്ന് മുന്നറിയിപ്പുമായി അഭിഭാഷകൻ

ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ എഐ 171 വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ എയർ ഇന്ത്യ മുന്നോട്ടുവെക്കുന്ന അന്തിമ ഒത്തുതീർപ്പ് കരാറിൽ ഒപ്പിടരുതെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്.
105-ലധികം ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകൻ ചക്ക് എൻ. ചിയോനുമയാണ് ഈ നിർണ്ണായക നിർദ്ദേശം നൽകിയത്. വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവരുന്നതിന് മുൻപ് ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത് ഭാവിയിലെ നിയമനടപടികളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം സ്വീകരിക്കുന്നതോടെ വിമാനക്കമ്പനിക്കോ, വിമാന നിർമ്മാതാക്കളായ ബോയിങ്ങിനോ അല്ലെങ്കിൽ മറ്റ് സർക്കാർ ഏജൻസികൾക്കോ എതിരെ ഭാവിയിൽ സിവിൽ-ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാനുള്ള അവകാശം കുടുംബങ്ങൾക്ക് നഷ്ടമാകും.
"ആരാണ് യഥാർത്ഥ കുറ്റവാളികളെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം. കരാറിലെ നിബന്ധനകൾ കമ്പനികൾക്ക് അനുകൂലവും ഇരകളുടെ കുടുംബങ്ങളെ പ്രതിരോധത്തിലാക്കുന്നതുമാണ്," ചിയോനുമ പറഞ്ഞു.
നിലവിൽ മൂന്ന് കുടുംബങ്ങൾക്ക് ഇത്തരം ഒത്തുതീർപ്പ് രേഖകൾ ലഭിച്ചിട്ടുണ്ടെന്നും അവ സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന് കാരണമായത് പൈലറ്റിന്റെ വീഴ്ചയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നുവെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിയായ എഎഐബി ഇത് തള്ളിയിരുന്നു.
അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം തകർന്നു വീണ് 260 പേരാണ് മരിച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇതിനോടകം 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസമായി നൽകിയിട്ടുണ്ട്. കൂടാതെ ഒരു കോടി രൂപയുടെ എക്സ്ഗ്രേഷ്യ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, വൻകിട കമ്പനികളെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കുന്ന കരാറിലെ 'ഇൻഡെംനിറ്റി ക്ലോസ്' ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.










0 comments