ad
Deshabhimani

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റ് മനഃപൂർവം എൻജിൻ ഓഫ് ചെയ്തതെന്ന് റിപ്പോർട്ട്; വിവാദ വെളിപ്പെടുത്തലുമായി ഇറ്റാലിയൻ മാധ്യമം

Ahmedabad plane crash.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 11:08 AM | 1 min read

ന്യൂഡൽഹി: 260 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എഐ 171 വിമാനാപകടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വിമാനം തകർന്നത് എൻജിനിലേക്കുള്ള ഇന്ധന വിതരണം പൈലറ്റ് മനഃപൂർവം നിർത്തിവെച്ചതുകൊണ്ടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഇറ്റാലിയൻ പത്രമായ 'കോറിയർ ഡെല്ല സെറ' റിപ്പോർട്ട് ചെയ്തു.


2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787 വിമാനം ടേക്ക് ഓഫിന് സെക്കൻഡുകൾക്കുള്ളിൽ തകരുകയായിരുന്നു. പൈലറ്റ് ഇൻ കമാൻഡ് ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന് നേരെയാണ് റിപ്പോർട്ടിലെ ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത്.


വിമാനം ആകാശത്തേക്ക് ഉയർന്ന് മൂന്ന് സെക്കൻഡിനുള്ളിൽ എൻജിനിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത് യന്ത്രത്തകരാർ മൂലമല്ല, മറിച്ച് മാനുഷികമായ ഇടപെടൽ കൊണ്ടാണെന്നാണ് പാശ്ചാത്യ ഏവിയേഷൻ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.


അപകടത്തിന് മുൻപുള്ള കോക്പിറ്റ് വോയിസ് റെക്കോർഡറിൽ, ഒരു പൈലറ്റ് എന്തിനാണ് എൻജിൻ ഓഫ് ചെയ്തത്? എന്ന് ചോദിക്കുന്നതും മറ്റേയാൾ ഞാനല്ല അത് ചെയ്തത് എന്ന് മറുപടി പറയുന്നതും വ്യക്തമാണ്. ശബ്ദപരിശോധനയിലൂടെ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ സുമീത് സബർവാൾ ആണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായാണ് വിവരം.


ക്യാപ്റ്റൻ സബർവാൾ മാനസിക സമ്മർദ്ദത്തിലോ വിഷാദത്തിലോ ആയിരുന്നുവെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്. അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങൾ ഇതിന് കാരണമായേക്കാമെന്ന് ആരോപണമുണ്ട്. അതേസമയം, ഈ റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടനകളും സുമീത് സബർവാളിന്റെ കുടുംബവും രംഗത്തെത്തി.


മരിച്ച പൈലറ്റുമാരെ ബലിയാടാക്കാനുള്ള ബോയിംഗിന്റെയും മറ്റും ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു. വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് സബർവാളിന്റെ പിതാവിന്റെ വാദം. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്.


അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോടും ഡിജിസിഎയോടും കോടതി നിർദ്ദേശിച്ചു. അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home