ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണു; രോഗിയടക്കം ഏഴുപേർ വിമാനത്തിൽ, രക്ഷാപ്രവർത്തനം തുടരുന്നു

റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു രോഗി, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാരൻ, രണ്ട് സഹായികൾ എന്നിവരടക്കം ഏഴുപേരുടെ നിലയെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്ന ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 7:34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി വെച്ചാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്ന് ഡിജിസിഎ അറിയിച്ചു. ഛത്ര ജില്ലയിലെ സിമരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാരിയത്തു പഞ്ചായത്തിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദുർഘടമായ വനപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തെത്താൻ കാലതാമസം നേരിട്ടു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പൈലറ്റുമാരായ വിവേക് വികാസ് ഭഗത്, സവ്‌രാജ്‌ദീപ് സിംഗ് എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
സഞ്ജയ് കുമാർ എന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം. ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം സ്ഥലത്തേക്ക് തിരിച്ചു.










0 comments