ad
Deshabhimani

ഡൽഹി - എൻസിആർ മേഖലയില്‍ യുപി, ഹരിയാന സർക്കാരുകളുടെ തൊഴിലാളിവേട്ട: പ്രതിഷേധിച്ച് എഐഎൽയു

ailu

Image Credit : PTI

വെബ് ഡെസ്ക്

Published on Apr 17, 2026, 04:45 PM | 1 min read

ന്യൂഡൽഹി: ഡൽഹി - എൻസിആർ മേഖലയിലെ തൊഴിലാളികൾക്ക് നേരെ ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ നടത്തുന്ന ക്രൂരമായ പൊലീസ് നടപടികളെ ശക്തമായി അപലപിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. തുച്ഛമായ ശമ്പളവും വർധിച്ചുവരുന്ന ജീവിതച്ചെലവും കാരണം ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ തൊഴിലുടമകൾ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുന്നത് ഈ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണെന്ന് എഐഎൽയു ചൂണ്ടിക്കാട്ടുന്നു


മാന്യമായ വേതനത്തിനായി പ്രതിഷേധിച്ച നൂറുകണക്കിന് തൊഴിലാളികളെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തൊഴിലാളികളുടെ വീടുകളിൽ കയറി കുടുംബാംഗങ്ങളെപ്പോലും പൊലീസ് ഉപദ്രവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുന്നുമില്ല.


ട്രേഡ് യൂണിയൻ നേതാക്കളെയും തൊഴിലാളികളെയും നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണ്. കള്ളക്കേസുകൾ ചുമത്തി തൊഴിലാളികളെ വേട്ടയാടുന്നത് നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണെന്ന് എഐഎൽയു ചൂണ്ടിക്കാട്ടി. വ്യവസായ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാനും ഇരകളായവർക്ക് നിയമസഹായം നൽകാനുമായി എഐഎൽയു ഡൽഹി സ്റ്റേറ്റ് കമ്മിറ്റി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് എഐഎൽയു അറിയിച്ചു.


അഭിഭാഷകർ അടങ്ങുന്ന ഈ സംഘം തൊഴിലാളി കുടുംബങ്ങളെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കും. തൊഴിലാളികൾക്കെതിരെയുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എഐഎൽയു ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home