ad
Deshabhimani

വടക്കേ ഇന്ത്യയിലെ കൗമാരക്കാരിൽ കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെന്ന് പഠന റിപ്പോർട്ട്

north indians

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 26, 2026, 12:29 PM | 2 min read

ന്യൂഡൽഹി: വടക്കേ ഇന്ത്യൻ ഗ്രാമീണ മേഖലകളിലെ കൗമാരക്കാർക്കിടയിൽ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ എന്നിവ ഭയപ്പെടുത്തും വിധം വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അക്കാദമിക് സമ്മർദ്ദം, ദാരിദ്ര്യം, ഭീഷണിപ്പെടുത്തൽ, ഗാർഹിക പീഡനം, കുടുംബ സംഘർഷങ്ങൾ എന്നിവയാണ് കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്ന പ്രധാന ഘടകങ്ങളെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.


ആറ് മാസത്തിനിടെ ആറിൽ ഒരാൾക്ക് വീതം കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഏതെങ്കിലും ഒരു സംഭവം നേരിടേണ്ടി വരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന, അദൃശ്യമായി തുടരുന്ന കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ചാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.


ഹരിയാനയിലെ 28 ഗ്രാമങ്ങളിലായി 583 കൗമാരക്കാരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് 'ഇന്ത്യൻ ജേണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിൽ' ഈ പഠന വിവരം പ്രസിദ്ധീകരിച്ചത്.


പ്രൊഫഷണൽ മാനസികാരോഗ്യ സംരക്ഷണം ലഭ്യമാണെന്ന വിവരം പോലും അറിയാത്തതിനാൽ ഭൂരിഭാഗം കൗമാരക്കാരും ദുഃഖവും നിരാശയും ആത്മഹത്യാ ചിന്തകളും ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച് നിശബ്ദമായി സഹിക്കുകയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.


പരാജയഭീതി, മോശം മാർക്ക്, സ്കൂളുകളിലെ സമ്മർദ്ദം എന്നിവ കൗമാരക്കാരിൽ വൈകാരിക തകർച്ചയ്ക്കും സ്കൂൾ കൊഴിഞ്ഞുപോക്കിനും ആത്മഹത്യാ ചിന്തകൾക്കും കാരണമാകുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു ആൺകുട്ടി തനിക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടുവെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്നും സമ്മതിച്ചു. കടബാധ്യത മൂലം വീട് നഷ്ടപ്പെട്ടപ്പോൾ സ്കൂൾ പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകേണ്ടി വന്ന കുട്ടിയുടെ അവസ്ഥയുമെല്ലാം ഗവേഷകർ റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തുന്നു.


ഉയരക്കുറവ് കാരണം സഹപാഠികൾ സ്കൂൾ ഗെയിമുകളിൽ നിന്നും ഒഴിവാക്കിയ കൗമാരക്കാരനെയും വീട്ടിൽ ആവർത്തിച്ചുള്ള സംഘർഷങ്ങൾ നേരിടേണ്ടി വരുന്ന കുട്ടിയെക്കുറിച്ചും പഠനത്തിൽ വിവരിക്കുന്നു. പഠനത്തിൽ പങ്കെടുത്ത 57 ശതമാനത്തിലധികം പേരുടെയും വീടുകളിൽ മുതിർന്നവർ മദ്യവും പുകയിലയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. വാക്കാലുള്ള അധിക്ഷേപങ്ങളും അക്രമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഇവരുടെ വീട്ടുപരിസരം.


തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും കാരണം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോൾ, ആൺകുട്ടികൾ ദിവസവേതനത്തിനായി സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഇന്ത്യയിലെ ആകെ ആത്മഹത്യാ മരണങ്ങളിൽ 6 ശതമാനവും 18 വയസ്സിന് താഴെയുള്ളവരാണെന്നും, ആത്മഹത്യ ചെയ്തവരിൽ 7.6 ശതമാനവും വിദ്യാർഥികളാണെന്നുമുള്ള എൻ സി ആർ ബി (NCRB) കണക്കുകളും പഠന റിപ്പോർട് ഉദ്ധരിക്കുന്നുണ്ട്. രാജ്യത്തെ മാനസികാരോഗ്യ ചികിത്സാ വിടവ് ഇപ്പോഴും 83 ശതമാനമായി തുടരുകയാണ്.


കൗമാരത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അത് പ്രായപൂർത്തിയാകുമ്പോഴും തുടരും. അതിനാൽ സ്കൂൾ കൗൺസിലിംഗ്, കൗമാരക്കാർക്ക് അനുയോജ്യമായ ക്ലിനിക്കുകൾ, പ്രാരംഭ ഘട്ടത്തിലെ മാനസികാരോഗ്യ പരിശോധന എന്നിവ രാജ്യത്ത് അടിയന്തരമായി നടപ്പിലാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ 'ടെലി-മാനസ്' സംവിധാനം വ്യാപകമായി ഉപയോഗിക്കണമെന്നും, അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും കുട്ടികളിലെ മാനസിക മാറ്റങ്ങൾ തിരിച്ചറിയാനുള്ള പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home