ad
Deshabhimani

ഡൽഹിയിലെ കൊടും തണുപ്പിൽ എയിംസിന് പുറത്ത് തെരുവിൽ കിടന്ന് രോഗികൾ; വീഡിയോ വൈറൽ

AIIMS.jpg
വെബ് ഡെസ്ക്

Published on Jan 16, 2026, 12:56 PM | 1 min read

ന്യൂഡൽഹി: രാജ്യം 'വിശ്വഗുരു' പട്ടം ആഘോഷിക്കുമ്പോഴും സാധാരണക്കാരൻ്റെ ദുരിതമൊഴിയുന്നില്ലെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.


രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഡൽഹി എയിംസിന് പുറത്ത്, കൊടും തണുപ്പിനെ അവഗണിച്ച് രോഗികളും ബന്ധുക്കളും തെരുവിൽ അന്തിയുറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


പുലർച്ചെ അഞ്ച് മണിക്ക് ചിത്രീകരിച്ച വീഡിയോയിൽ, തറയിൽ പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും പുതച്ച് കിടക്കുന്ന നൂറുകണക്കിന് രോഗികളെ വീഡിയോയിൽ കാണാം. ഡൽഹിയിലെ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടും ഇവർക്ക് ആശുപത്രിയിലോ സർക്കാർ ഷെൽട്ടറുകളിലോ ഇടം ലഭിച്ചിട്ടില്ല.


ഇവർ ഭവനരഹിതരല്ലെന്നും ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ തേടി എത്തിയവരാണെന്നും വ്ലോഗർ പറയുന്നു. സ്വന്തം നാട്ടിലെ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവർ എയിംസിനെ ആശ്രയിച്ചത്.


ശസ്ത്രക്രിയ കഴിഞ്ഞവരും അർബുദം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരും ഈ കൂട്ടത്തിലുണ്ട്. പലരും കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി ഇതേ രീതിയിലാണ് കഴിയുന്നത്.





സർക്കാർ ഒരുക്കിയ താൽക്കാലിക ഷെൽട്ടറുകൾ നിറഞ്ഞു കവിഞ്ഞതോടെയാണ് കുഞ്ഞുങ്ങൾ അടക്കമുള്ളവർക്ക് പുറത്ത് കിടക്കേണ്ടി വന്നത്. നനഞ്ഞ പുതപ്പുകൾ ഉപയോഗിച്ചാണ് തണുപ്പിനെ ഇവർ പ്രതിരോധിക്കുന്നത്. പലർക്കും കൃത്യമായ ഒരു പുതപ്പ് പോലുമില്ല.


തെരുവിൽ പ്ലാസ്റ്റിക്ക് കവറുകളും മറ്റും ഉപയോഗിച്ച് തണുപ്പിനെ പ്രതിരോധിക്കുന്നവരുമുണ്ട്. മതം, ജാതി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമ്പോൾ സാധാരണക്കാരൻ്റെ ആരോഗ്യ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിസ്മരിക്കപ്പെടുകയാണെന്ന് വീഡിയോയിലൂടെ ഇവർ ഓർമ്മിപ്പിക്കുന്നു.


ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ദയനീയ അവസ്ഥയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്. 'വിശ്വഗുരു' എന്ന ആഘോഷങ്ങൾക്കിടയിലും പാവപ്പെട്ടവന് ചികിത്സയ്ക്കായി തെരുവിൽ കിടക്കേണ്ടി വരുന്നത് ലജ്ജാകരമാണെന്ന് വ്ലോഗർ വീഡിയോയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home