എഐഎഡിഎംകെയിൽ പിളർപ്പ്; ടിവികെ സർക്കാരിനെ പിന്തുണച്ച് വിമത വിഭാഗം

എഐഎഡിഎംകെ നേതാവ് സി വി ഷൺമുഖം
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ പിളർപ്പ്. വിമത വിഭാഗം ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവരാണ് വിമത വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിമത വിഭാഗം എസ് പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായും, ജി ഹരിയെ ഉപനേതാവായും തെരഞ്ഞെടുത്തു.
ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തോടുള്ള എതിർപ്പാണ് പിളർപ്പിന് പ്രധാന കാരണം. ഡിഎംകെയുമായി യാതൊരു വിധത്തിലുള്ള സഖ്യവും അംഗീകരിക്കില്ലെന്ന് സി വി ഷൺമുഖം വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക സഖ്യങ്ങളില്ലാത്ത പാർടിക്ക് പുതിയ രാഷ്ട്രീയ ദിശ ആവശ്യമാണെന്നാണ് ഷൺമുഖം വിഭാഗം പറയുന്നത്. സമീപകാലത്തുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ മുൻനിർത്തി പാർടിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് വേലുമണി പറഞ്ഞു.
പാർടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അടിയന്തരമായി ജനറൽ കൗൺസിൽ യോഗം വിളിക്കണമെന്ന് വിമതർ ആവശ്യപ്പെട്ടു. പാർടിയെ പിളർത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും എഐഎഡിഎംകെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ടിവികെയെ പിന്തുണയ്ക്കുമെന്നും ഇവർ അറിയിച്ചു.











0 comments