‘എനിക്ക് നയൻതാരയെ വേണം’; നടി നയൻതാരയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി എഐഎഡിഎംകെ എംപി സി വി ഷൺമുഖം

ചെന്നൈ: തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ സി വി ഷൺമുഖം. തമിഴ്‌നാട് സർക്കാർ നടത്തുന്ന ‘നിങ്ങളുടെ സ്വപ്‌നം ഞങ്ങളോട് പറയൂ’ എന്ന ക്യാമ്പയിനെ പരിഹസിക്കവെയാണ് നയൻതാരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എംപി നടത്തിയത്.
വില്ലുപുരം ജില്ലയിലെ തന്റെ മണ്ഡലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഷൺമുഖത്തിന്റെ വിവാദ പ്രസംഗം. ഭരണപരമായ നിർദ്ദേശങ്ങൾ തേടാൻ സർക്കാർ വോളന്റിയർമാർ വീടുകൾ സന്ദർശിക്കുന്ന പദ്ധതിയെയാണ് ഷൺമുഖം പരിഹസിച്ചത്. "എനിക്ക് നയൻതാരയെ വേണം, ആഗ്രഹം നിങ്ങൾ സാധിച്ചു തരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന ആരുടെയെങ്കിലും ആഗ്രഹം സ്റ്റാലിൻ നടത്തിക്കൊടുക്കുമോ?" എന്നായിരുന്നു എംപിയുടെ ചോദ്യം.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ എഐഎഡിഎംകെ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് നേതാവ് തന്നെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഷൺമുഖത്തിന്റെ പ്രസ്താവന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് ഡിഎംകെ വക്താവ് ഡോ. സയീദ് ഹഫീസുള്ള പ്രതികരിച്ചു. സർക്കാരിന്റെ നയങ്ങളെ ആർക്കും വിമർശിക്കാം, എന്നാൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൺമുഖത്തിനെതിരെ എഐഎഡിഎംകെ കർശന നടപടി സ്വീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. സി വി ഷൺമുഖം ഇതാദ്യമായല്ല ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മുൻപ് ഡിഎംകെയുടെ സൗജന്യ വാഗ്ദാനങ്ങളെ പരിഹസിക്കവെ ‘സൗജന്യമായി ഭാര്യയെ നൽകുന്ന പ്രഖ്യാപനം കൂടി മുഖ്യമന്ത്രിക്ക് നടത്താം’ എന്ന് അദ്ദേഹം പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഷൺമുഖത്തിന്റെ ഈ സ്ത്രീ വിരുദ്ധ നിലപാട് എഐഎഡിഎംകെയെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.










0 comments