വിമത നേതാക്കളെ സംഘടനാ ചുമതലകളിൽനിന്ന് നീക്കി എടപ്പാടി
print edition എഐഎഡിഎംകെയിലെ ഭിന്നത രൂക്ഷം

എടപ്പാടി പളനിസ്വാമി
ചെന്നൈ; എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കളുടെയും ഒരു വിഭാഗം എംഎൽമാരുടെയും നേതൃത്വത്തിൽ പടയൊരുക്കം. ഭൂരിപക്ഷം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്ന് സി വി ഷൺമുഖം, എസ് പി വേലുമണി എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം അവകാശപ്പെട്ടു. ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ നൽകിയ വിപ്പ് ലംഘിച്ചതിന് എടപ്പാടി പളനിസ്വാമി ഉൾപ്പെടെ 22 എംഎൽമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കറെ കണ്ടതായി ഷൺമുഖം വേലുമണി പക്ഷം നിയോഗിച്ച വിപ്പ് സി വിജയഭാസ്‌കർ പറഞ്ഞു. പരാജയകാരണങ്ങൾ ചർച്ചചെയ്യാൻ പളനിസ്വാമി പാർടി ജനറൽ കൗൺസിൽ വിളിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പളനിസ്വാമി നിയമിച്ച വിപ്പ് എസ് കൃഷ്‌ണമൂർത്തിയടക്കമുള്ളവർ സ്‍പീക്കറെ കണ്ട് വിമത എംഎൽഎമാരെ അയോഗ്യരാക്കണെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
വിമതനീക്കങ്ങൾക്ക് തടയിടാൻ പളനിസ്വാമി തന്നെ അനുകൂലിക്കുന്ന എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു. വിമത എംഎൽഎ ജി ഹരിയെ പളനിസ്വാമി സംഘടനാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്‍ക്ക് അനുകൂലമായി വോട്ട് ചെയ്‍തതിന്റെ പേരിൽ ഷൺമുഖം, വേലുമണി തുടങ്ങിയവരെ പാർടി പദവികളിൽനിന്ന് കഴിഞ്ഞദിവസം എടപ്പാടി നീക്കിയിരുന്നു. എടപ്പാടിക്ക് പിന്തുണയുമായി പ്രവർത്തകർ വീടിനുമുന്നിൽ തടിച്ചുകൂടി. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ചെന്നൈയിലെ പാർടി ആസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 2022-ൽ എടപ്പാടി പളനിസ്വാമിയും അന്നത്തെ നേതാവ് ഒ പന്നീർസെൽവവും തമ്മിലുള്ള നേതൃതർക്കം മുറുകിയ സമയത്ത് ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടായിരുന്നു.











0 comments