ad
Deshabhimani

അഹമ്മദാബാദ് സംഘർഷം: കത്തിയമർന്നത് സാബിറിന്റെ സ്വപ്നങ്ങൾ

ahmedabad shops burnt
വെബ് ഡെസ്ക്

Published on Apr 19, 2026, 06:02 PM | 1 min read

അഹമ്മദാബാദ്: വാഹനാപകടത്തെ തുടർന്നുണ്ടായ കൊലപാതകവും സംഘർഷവും കവർന്നെടുത്തത് മുഹമ്മദ് സാബിർ എന്ന സാധാരണക്കാരന്റെയും കുടുംബത്തിന്റെയും ജീവിതമാണ്. ഒന്നരവർഷം മുൻപ് ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ ബിഹാർ വിട്ട് അഹമ്മദാബാദിലെത്തിയ സാബിറിന്റെ മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നങ്ങളാണ് ഒരു ഉച്ചനേരം കൊണ്ട് കത്തിയമർന്നത്. പെട്രോൾ ബോംബുകളുമായി എത്തിയ ആൾക്കൂട്ടം തന്റെ ടയർ ഷോപ്പ് ചുട്ടെരിക്കുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ സാബിറിന് കഴിഞ്ഞുള്ളൂ. കരിപിടിച്ച ഭിത്തികളും വെണ്ണീറും മാത്രമാണ് ഇപ്പോൾ ആ കടയിൽ ബാക്കിയുള്ളത്.


ഭാര്യയും മൂന്ന് ചെറിയ കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സാബിർ. അയാൾക്ക് തന്റെ കട വെറുമൊരു ബിസിനസ്സായിരുന്നില്ല, മറിച്ച് തന്റെ കുടുംബത്തിന്റെ ജീവരക്തമായിരുന്നു. കത്തിയമർന്ന ക്യാഷ് ബോക്സിൽ നിന്ന് കിട്ടിയ കരിപിടിച്ച ഏതാനും നാണയത്തുട്ടുകൾ കൈവെള്ളയിൽ മുറുകെപ്പിടിച്ച് ആ തകർന്ന ഷട്ടറിന് മുന്നിലിരുന്ന് സാബിർ പൊട്ടിക്കരഞ്ഞു.


"എനിക്ക് ഇനി ഒന്നും ബാക്കിയില്ല. ബിഹാറിൽ നിന്ന് ഞാൻ ഇവിടെ വന്നത് അന്തസ്സായി പണിയെടുത്ത് ജീവിക്കാനാണ്. എന്റെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ പോയി. മക്കൾക്ക് ഭക്ഷണത്തിനോ വെള്ളത്തിനോ പോലും എന്റെ കയ്യിൽ പണമില്ല. അവരെങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല, ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല"- സാബിർ വിതുമ്പലോടെ പറഞ്ഞു.


രണ്ട് ബൈക്കുകൾ തമ്മിലിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ധർമ്മേഷ് ഗമാര എന്ന യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്രമിസംഘം സാബിറിന്റെ കടയ്ക്ക് മുന്നിലെത്തിയത്. പെട്രോൾ കുപ്പികളുമായി സംഘം ഇരച്ചെത്തിയപ്പോൾ ജീവൻ രക്ഷിക്കാൻ ഒളിവിൽ പോകേണ്ടി വന്നുവെന്ന് സാബിർ പറയുന്നു. "ഞങ്ങൾ സാധാരണക്കാരാണ്. ഞങ്ങൾക്ക് കലാപമോ അക്രമമോ വേണ്ട. കുടുംബത്തിന് വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. സർക്കാരിനോട് എനിക്ക് ഒന്നേ അപേക്ഷിക്കാനുള്ളൂ, ദയവായി എന്നെ സഹായിക്കണം"- അയാൾ പറഞ്ഞു.


അതേസമയം, ധന്ധുക്ക പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഗുജറാത്ത് പൊലീസും ജില്ലാ ഭരണകൂടവും നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ചും തുടർന്നുള്ള അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ധർമ്മേഷ് ഗമാരയുടെ കുടുംബത്തെ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home