'മകനെ സ്നേഹിക്കുന്നുണ്ടെങ്കിൽ തൂങ്ങിമരിക്കൂ': 17കാരിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന്റെ അമ്മ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിന്റെ അമ്മ അറസ്റ്റിൽ. അഹമ്മദാബാദിലെ സർഖേജ് പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് നടപടി.
സഹപാഠികളായിരുന്ന പെൺകുട്ടിയും ആൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ബന്ധം തുടർന്നു. സ്കൂൾ വളപ്പിൽ ഇരുവരും ഒന്നിച്ചിരിക്കുന്നത് കണ്ട് പ്രിൻസിപ്പൽ ഇരു കുടുംബങ്ങളെയും സ്കൂളിലേക്ക് വിളിച്ചുവരുത്തി വിവരം അറിയിച്ചു.
ഇതിൽ പ്രകോപിതയായ ആൺകുട്ടിയുടെ അമ്മ പെൺകുട്ടിയുടെ വീട്ടിലെത്തി, പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. "എന്റെ മകനെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തൂങ്ങിമരിക്കൂ, നിന്റെ മാതാപിതാക്കളെ ഞാൻ നോക്കിക്കോളാം" എന്ന് ഇവർ പെൺകുട്ടിയോട് പറഞ്ഞതായി പരാതിയിൽ പറയുന്നു.
ആഗസ്റ്റ് 31-നാണ് പെൺകുട്ടി സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. പിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുകയും, ആൺകുട്ടിയുടെ അമ്മ സംസാരിച്ചതിന്റെ ഓഡിയോ റെക്കോർഡിംഗും സിസിടിവി ദൃശ്യങ്ങളും തെളിവായി കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത സർഖേജ് പോലീസ്, പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)









0 comments