Deshabhimani

അഹമ്മദാബാദ് സ്ഫോടനക്കേസ്: പ്രതിയുടെ വധശിക്ഷ തടഞ്ഞ് സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Oct 01, 2026, 03:51 PM | 1 min read

ന്യൂഡൽഹി : അഹമ്മദാബാദ് സ്ഫോടനക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീംകോടതി. ഇന്ത്യൻ മുജാഹിദീൻ (ഐഎം) പ്രവർത്തകൻ അഹമ്മദ് ബാവ അഥവാ അബു അബൂബക്കർ ബറേൽവിയുടെ വധശിക്ഷയാണ് തടഞ്ഞത്. നേരത്തെ ഗുജറാത്ത് ഹൈക്കോടതി വധശിക്ഷ ശരിവെച്ചിരുന്നു. ഇതിനെതിരെ പ്രതി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ജഡ്ജിമാരായ വിക്രം നാഥ്, എ.ജി. മസിഹ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തടഞ്ഞ് ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചത്. വിചാരണക്കോടതിയിലെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.


2008 ജൂലൈ 26നാണ് അഹമ്മദാബാദിൽ 70 മിനിറ്റിനിടെയുണ്ടായ 21 സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനങ്ങളുണ്ടായി.


അഹമ്മദാബാദ് സ്ഫോടനക്കേസിൽ 78 പേരെയാണ് വിചാരണ ചെയ്തത്. 2022 ഫെബ്രുവരിയിൽ പ്രത്യേക കോടതി 49 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 2026 ജൂലൈയിലാണ് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക കോടതിയുടെ വിധി ശരിവച്ചത്. സ്ഫോടനങ്ങളുടെ വ്യാപ്തി, ഗൂഢാലോചന, ഭീതി സൃഷ്ടിക്കാനുള്ള ശ്രമം എന്നിവ ഉൾപ്പെടെ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.


സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. 2027 മാർച്ച് 30നകം നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം.


ഒറ്റ കേസിൽ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ച 2022ലെ പ്രത്യേക കോടതി ഉത്തരവ് രാജ്യത്തെ നിയമചരിത്രത്തിൽ ശ്രദ്ധേയമായ ഉത്തരവായിരുന്നു. കേസിലെ ഒരു പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞതോടെ തുടർ നിയമനടപടികൾ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home