ad
Deshabhimani

print edition അഹമ്മദാബാദ്‌ വിമാനദുരന്തത്തിന്‌ ഒരാണ്ട്‌: എങ്ങുമെത്താതെ അന്വേഷണം; ഒന്നും പഠിക്കാതെ സർക്കാർ

Ahmedabad plane crash.jpg
avatar
കെ പി അക്ഷയ്‌

Published on Jun 11, 2026, 12:00 AM | 1 min read

ന്യൂഡൽഹി: അഹമ്മദാബാദ്‌ വിമാന ദുരന്തമുണ്ടായി ഒരുവർഷം തികയുന്പോഴും അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടാതെ കേന്ദ്രസർക്കാർ. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണം എങ്ങുമെത്തിയില്ല. അപകടത്തിനുശേഷം 12 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ നിയമം. ഇല്ലെങ്കിൽ പുറപ്പെടുവിക്കേണ്ട ഇടക്കാല പ്രസ്‌താവനയും വന്നിട്ടില്ല. 2025 ജുൺ 12ന്‌ അഹമ്മദാബാദ്‌ വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണ്‌ 260 പേരാണ്‌ കൊല്ലപ്പെട്ടത്‌.


എൻജിനുകളിലേക്കുള്ള ഇന്ധനവിതരണം പെട്ടെന്ന് നിലച്ചതാണ് അപകടത്തിനു കാരണമെന്നാണ്‌ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്‌. പറന്നുയർന്ന്‌ മൂന്ന്‌ സെക്കൻഡിനകം രണ്ട് എൻജിനുകളുടെയും ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായി. ഒന്നുകിൽ പൈലറ്റ്‌ ഓഫ്‌ ചെയ്യണം. അല്ലെങ്കിൽ ഇലക്‌ട്രിക്കൽ തകരാർ സംഭവിക്കണം. എന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടെത്താൻ എഎഐബിക്ക്‌ സാധിച്ചില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടൻ–ബംഗളൂരു എയർ ഇന്ത്യ ബോയിങ്‌ വിമാനത്തിലെ ഇന്ധന സ്വിച്ചുകളുടെ പ്രവർത്തനത്തിൽ തകരാർ കണ്ടെത്തിയിരുന്നു.


ഇ‍ൗ സാഹചര്യത്തിൽ എയർ ഇന്ത്യ, യുഎസ്‌ കന്പനിയായ ബോയിങ്‌ എന്നിവയെ അന്വേഷണത്തിൽ കാര്യക്ഷമമായി ഉൾപ്പെടുത്തിയോ എന്നും വ്യക്തമല്ല. കമ്പനിക്കെതിരായ നിയമനടപടികളിൽനിന്ന്‌ പിന്മാറണമെന്ന്‌ എയർ ഇന്ത്യ, മരിച്ചവരുടെ കുടുംബാംഗങ്ങളോട്‌ ആവശ്യപ്പെട്ടതിനെതിരെ രൂക്ഷ വിമർശമാണുയർന്നത്‌.


അഹമ്മദാബാദ്‌ ദുരന്തത്തിന്‌ ശേഷവും സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള നടപടി കേന്ദ്രം കൈക്കൊണ്ടില്ല. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാർ സഞ്ചരിച്ച ചെറുവിമാനം തകർന്നതും തുടർച്ചയായി സാങ്കേതിക തകരാറുകളുണ്ടാവുന്നതും ഇതിന്‌ തെളിവാണ്‌. അടിയന്തര ലാൻഡിങ്, ടേക്ക് ഓഫ് റദ്ദാക്കൽ, സുരക്ഷാ വീഴ്ച എന്നിവയെല്ലാം പതിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home