ad
Deshabhimani

അഹമ്മദാബാദ് വിമാനാപകടം: 190 പേരെ തിരിച്ചറിഞ്ഞു; 159 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

AHAMMEDABAD PLANE CRASH

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jun 18, 2025, 12:32 PM | 1 min read

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 159 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അഹമ്മദാബാദിലേക്ക് പോയ രഞ്ജിതയുടെ സഹോദരൻ രതീഷ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ഫലങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഡിഎൻഎ പരിശോധന വളരെ സങ്കീർണത നിറഞ്ഞതാണെന്ന്‌ അഹമ്മദാബാദ്‌ സിവിൽ ആശുപത്രി അറിയിച്ചു.


മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇപ്പോഴും തുടരുകയാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ദുരന്തത്തിൽ മരിച്ച 250 പേരുടെ ബന്ധുക്കളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ വിമാനത്തിലെ യാത്രക്കാരുടേയും ബിജെ മെഡിക്കൽ കോളേജിൽ മരിച്ചവരുടെയും ബന്ധുക്കൾ ഉൾപ്പെടുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ച 71 രോഗികളിൽ 2 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 42 പേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഒരാളുടെ നില ​ഗുരുതരമാണ്.


വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഇതുവരെ 279 പേർ മരിച്ചു. മരിച്ചവരിൽ 241 പേർ യാത്രക്കാരും 29 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും സമീപവാസികളുമാണ്‌.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home