ad
Deshabhimani

നടുക്കം മാറാതെ അഹമ്മദാബാദ്; മരണസംഖ്യ ഉയരുന്നു: കൂടുതൽ പേർ ചികിത്സയിൽ

plane crashes into Ahmedabad's BJ Medical College hostel
വെബ് ഡെസ്ക്

Published on Jun 13, 2025, 09:06 AM | 2 min read

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ഒഴികെ എല്ലാവരും മരിച്ചു. നിലവിൽ മരണസംഖ്യ 294 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ കൃത്യമായ മരണ സംഖ്യയിൽ വ്യക്തതയില്ല. വിമാനം ഇടിച്ചുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന അമ്പതോളം വിദ്യാർഥികളും അപകടത്തിൽ മരിച്ചതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും എയർലൈൻ സ്ഥിരീകരിച്ചു. ഫ്ലൈറ്റ് AI171 പറന്നുയർന്ന് അൽപ്പസമയത്തിനുശേഷം ഒരു വലിയ ശബ്ദം കേട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ച് അറിയാൻ കഴിയൂ. അപകടത്തിൽ മരിച്ച മറ്റുള്ളവരുടേയും ബന്ധുക്കൾ സിവിൽ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് പൊലീസിനെ അപകടസ്ഥലത്ത് വിന്യസിച്ചു. കാണാതായ ആളുകൾക്കായി എൻഡിആർഎഫ് ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. നാല് പ്രദേശവാസികളെ കാണാതായെന്ന് റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥർ സ്നിഫർ ഡോഗ് സ്ക്വാഡുമായി പരിശോധന നടത്തുകയാണ്.


എസ്‌പി‌ജിയുടെ നിർദ്ദേശപ്രകാരം ഗുജറാത്ത് പോലീസും അഹമ്മദാബാദ് പോലീസും കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സി 7 കെട്ടിടത്തിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രവേശന കവാടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംബെൽ വിൽസൺ സ്ഥലത്തെത്തി ദുഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ച വിജയ് രൂപാണിയുടെ ഭാര്യ അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9 മണിയോടെ അഹമ്മദാബാദിൽ എത്തുമെന്നാണ് വിവരം. സിവിൽ വ്യോമയാന മന്ത്രി രാം എം നായിഡുവും സഹമന്ത്രി മുരളീധർ മോഹോളും പ്രധാനമന്ത്രിയോടൊപ്പം വിമാനത്താവളത്തിൽ എത്തും. തുടർന്ന് അപകടസ്ഥലം സന്ദർശിക്കും.


ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യവിമാനം വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് കത്തിവീണത്. 241 യാത്രക്കാരും എട്ടു മെഡിക്കൽ വിദ്യർഥികളുമടക്കം 265 പേർ മരിച്ചു എന്നാണ് സ്ഥിരീകരിച്ച വിവരം. അപകടകാരണം യന്ത്രത്തകരാറാണെന്നാണ്‌ പ്രാഥമിക നിഗമനം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home