print edition ഒളിമ്പിക്സ് വേദിയുടെ 'മോഡിഫിക്കേഷൻ'; അഹമ്മദാബാദിൽ ബുൾഡോസർരാജ്

അഹമ്മദാബാദ് മോട്ടേരയിലെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നു (ഇടത്), കിടപ്പാടം നഷ്ടപ്പെട്ടതിനെ തുടർന്ന് വിലപിക്കുന്ന കുട്ടി (വലത്)
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷന്റെ സ്ഥലം കൈയേറിയെന്നാരോപിച്ച് 37 വീടുകൾ ബുൾഡോർ കൊണ്ട് ഇടിച്ചുനിരത്തി.
2030ലെ കോമൺവെൽത്ത് ഗെയിംസിനും 2036ലെ ഒളിമ്പിക്‌സിനും വേദിയായ അഹമ്മദാബാദ് നഗരത്തിന്റെയും നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ മോടിപിടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് കുടിയൊഴിപ്പിക്കൽ.
നരേന്ദ്രമോദി സ്‌റ്റേഡിയത്തോട് ചേർന്നുള്ള മോട്ടേര ആശാറാം ആശ്രമത്തിന്റെ സമീപത്തെ വീടുകളാണ് നാട്ടുകാരുടെ പ്രതിഷേധം വകവയ്‌ക്കാതെ പൊളിച്ചത്. പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിന്റെ മറവിലാണ് ബുൾഡോസർ രാജ് നടത്തിയത്. എന്നാൽ, വിവാദ ആൾദൈവം ആസാറാം ബാപ്പുവിന്റെ ആശ്രമം 45,000 ചതുരശ്ര മീറ്റർ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി ഫെബ്രുവരിയിൽ ഉത്തരവിട്ടെങ്കിലും അധികൃതർ ഇതുവരെ നടപടി എടുത്തിട്ടില്ല.
ഇൗ നിയമലംഘനത്തിനുനേരെ നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ സംവിധാനങ്ങളാണ് പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെ തെരുവാധാരമാക്കിയത്.
ഇതിന്റെ മറവിൽ അഹമ്മദാബാദിലെ നിരവധി ജനവാസ മേഖലകളാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തുന്നത്. മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ മുമ്പ് നടത്തിയ ബുൾഡോസർരാജ് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൊട്ടേരയിലെ കുടിയൊഴിപ്പിക്കൽ. മുൻകൂർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം.
എന്നാൽ, 8000 രൂപ വരെ മാത്രമാണ് അധികൃതർ വാഗ്‌ദാനം ചെയ്‌തതെന്നും, അത് വാടകവീടിന് കൂടി തെകയില്ലെന്നും പ്രദേശവാസികൾ പറയുന്നു. കുട്ടികളുടെ സ്‌കൂളുകൾ തുറക്കുകയും കാലവർഷം അടുത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇനിഎങ്ങോട്ട് പോകുമെന്ന് പ്രദേശവാസികൾ വിലപിക്കുന്നു.









0 comments