Deshabhimani

അഹമ്മദാബാദിൽ ബോംബ് ഭീഷണി; നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സ്കൂളുകളിലും പരിശോധന

NARENDRA MODIO STADIUM
വെബ് ഡെസ്ക്

Published on Oct 07, 2026, 10:35 PM | 1 min read

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്ത് സ്കൂളുകൾക്കും ബോംബ് ഭീഷണി. ബുധനാഴ്ച ഇ-മെയിൽ വഴി ഭീഷണി ലഭിച്ചതിനെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ നേരത്തെ വീടുകളിലേക്ക് അയച്ചു. പൊലീസ്, ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലങ്ങളിൽ പരിശോധന നടത്തി.


നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ സ്കൂളുകൾക്കാണ് പ്രധാനമായും ഭീഷണി ലഭിച്ചത്. നവംബർ 21ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിയെക്കുറിച്ചും ഭീഷണി സന്ദേശത്തിൽ പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്.


ഇന്ത്യ അണ്ടർ-19, ഓസ്ട്രേലിയ അണ്ടർ-19 ടീമുകൾ യൂത്ത് ടെസ്റ്റ് കളിച്ചുകൊണ്ടിരുന്ന സമയത്താണ് സ്റ്റേഡിയം അധികൃതർക്ക് ഭീഷണി ഇ-മെയിൽ ലഭിച്ചത്. എന്നാൽ അപ്പോഴേക്കും മത്സരം അവസാനിച്ചിരുന്നു. രാവിലെ 11.15ന് മത്സരം പൂർത്തിയായതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നിന് ശേഷം ഇരു ടീമുകളും സ്റ്റേഡിയം വിട്ടു.


ഭീഷണി ലഭിച്ച ഉടൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പൊലീസിനെയും സൈബർ ക്രൈം വിഭാഗത്തെയും വിവരം അറിയിച്ചു. ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്ക് പോകുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന മുന്നറിയിപ്പാണ് ഇ-മെയിലുകളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.


സൈഡസ് സ്കൂൾ, ബോദക്ദേവ് സ്കൂൾ ഫോർ ചിൽഡ്രൻ, എസ്‌ജിവിപി സ്കൂൾ, സന്ത് കബീർ സ്കൂൾ, ഏഷ്യ സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരുകൾ ഭീഷണി സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി ലഭിച്ച സ്ഥലങ്ങളിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home