കാർഷിക ശാസ്ത്രജ്ഞൻ ഡോ. സുബ്ബണ്ണ അയ്യപ്പൻ കാവേരി നദിയിൽ മരിച്ചനിലയിൽ

ബംഗളൂരു: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) മുൻ ഡയറക്ടർ ജനറലും വിഖ്യാത അക്വാകൾച്ചർ ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ (69) മരിച്ചനിലയിൽ കണ്ടെത്തി. ശ്രീരംഗപട്ടണത്ത് കാവേരി നദിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്ദേഹത്തെ കാണാനില്ലെന്ന് വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
മത്സ്യോൽപ്പാദനവുമായി ബന്ധപ്പെട്ട നീലവിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫ്രഷ്‍വാട്ടർ അക്വാകൾച്ചർ ഡയറക്ടർ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബറോട്ടറീസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2022ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
മൈസൂരുവിലെ വിശ്വേശ്വര നഗർ ഇൻഡസ്ട്രിയൽ ഏരിയയിലെ അക്കമഹാദേവി റോഡിലാണ് ഡോ. എസ് അയ്യപ്പൻ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്കൂട്ടർ നദീതീരത്ത് കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് ശ്രീരംഗപട്ടണയിലെ സായിബാബ ആശ്രമത്തിന് സമീപം നദിയിലേക്ക് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് ഡോ. എസ് അയ്യപ്പൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരികെ വരാതായതോടെ അദ്ദേഹത്തെ കാണാതായതായി കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാവേരി നദിയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരിലെ കെആർ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.










0 comments