വെട്ടിക്കളയുന്നത് ലക്ഷക്കണക്കിന് മാവും ലിച്ചിയും
അദാനിക്ക് ബിഹാര്‍ എൻഡിഎ സര്‍ക്കാരിന്റെ കരുതൽ ; ഒരു രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് കൈമാറിയത് 1,020 ഏക്കര്‍

പട്ന
മോദിയുടെ ഉറ്റചങ്ങാതി ഗൗതം അദാനിയുടെ സ്വകാര്യ താപനിലയത്തിനായി ബിഹാറിലെ എൻഡിഎ സര്‍ക്കാര്‍ ആയിരത്തിലേറെ ഏക്കര്‍ കൃഷിഭൂമി വിട്ടുനൽകിയത് ഏക്കറിന് ഒരു വര്‍ഷത്തേക്ക് ഒരു രൂപ നിരക്കിൽ. ഭാഗല്‍പുരിലെ പിര്‍പൈന്തിയില്‍ 25 വര്‍ഷത്തേക്കാണ് 1,020 ഏക്കര്‍ പാട്ടത്തിന് കൈമാറിയത്. 2400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കൽക്കരിയധിഷ്‌ഠിത തെര്‍മൽ പവര്‍ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സെപ്തംബര്‍ 15ന് നിർവഹിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എൻഎച്ച്പിസിയുടെ പദ്ധതിയാണ് അദാനിക്ക് കൈമാറിയത്. ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യാൻ 200 കോടി ആവശ്യമായിരിക്കെയാണ് തുച്ഛവിലയ്‌ക്ക് കൈമാറിയത്. 25000 കോടിയോളം രൂപയുടേതാണ് പദ്ധതി. പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് സംസ്ഥാനസര്‍ക്കാരിന് യൂണിറ്റിന് 6.075 രൂപയ്‌ക്ക് നൽകും.
വെട്ടിക്കളയുന്നത് ലക്ഷക്കണക്കിന് മാവും ലിച്ചിയും
ലക്ഷക്കണക്കിന് മാവും ലിച്ചി മരവും നിൽക്കുന്ന ഭൂമി "തരിശുഭൂമി'യെന്ന് പട്ടികപ്പെടുത്തിയാണ് ബിഹാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. വൈദ്യുതി പദ്ധതിക്കായി 12 വര്‍ഷം മുമ്പാണ് ഏറ്റെടുക്കൽ തുടങ്ങിയത്. ഇത്രയും വര്‍ഷമായിട്ടും പലര്‍ക്കും നഷ്‌ടപരിഹാരം പൂര്‍ണമായും കിട്ടിയിട്ടില്ല. പലരീതിയിലാണ് തുക കണക്കാക്കിയതെന്നുമാണ് ആരോപണം. മാവും ലിച്ചിയും ദീര്‍ഘകാല വിളകളായതിനാൽ കര്‍ഷകരുടെ സ്ഥിരവരുമാനവുമാണ് നഷ്‌ടപ്പെട്ടത്. ന്യായമായ നഷ്‌ടപരിഹാരത്തിനും ജീവിത പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്താനും പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചവര്‍ അറസ്റ്റിലായി. 2014ലാണ് പദ്ധതിയുടെ തുടക്കം. 2016 ഓടെ ഭൂമി ഏറ്റെടുക്കൽ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറ്റെടുത്ത ഭൂമിക്ക് കിട്ടുന്ന നഷ്‌ടപരിഹാരം ഇന്നത്തെ വിപണി വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ തുച്ഛം. പുതിയ സ്ഥലം വാങ്ങാൻപോലും കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.










0 comments