Deshabhimani

​ഗുജറാത്തിൽ സിഎൻജി വില 100 കടന്നു; അദാനിക്ക് ലാഭം, സാധാരണക്കാരന് ഇരുട്ടടി, കേന്ദ്രം മൗനത്തിൽ

CNG Auto
വെബ് ഡെസ്ക്

Published on Nov 07, 2026, 05:08 PM | 2 min read

ന്യൂഡൽഹി : പെട്രോൾ വിലയെപ്പോലും വെല്ലുവിളിച്ച് സിഎൻജി വില കുതിച്ചുയരുകയാണ്. ഗുജറാത്തിൽ അദാനി സിഎൻജിയുടെ വില 100 രൂപ കടന്നു. ​പെട്രോളിന് 101.83 രൂപയാണ് ​ഗുജറാത്തിലെ വില. പെട്രോളിന് വില കൂടിയപ്പോൾ ആശ്വാസം തേടി സിഎൻജിയിലേക്ക് മാറിയവർക്കും ഇനി രക്ഷയില്ലെന്ന് ചുരുക്കം. ആദ്യം കുറഞ്ഞ വില കാണിച്ച്‌ സാധാരണക്കാരനെ കുരുക്കിലാക്കി അദാനിയെ കുത്തകഭീമനാക്കി വളർത്തുകയാണ് കേന്ദ്രസർക്കാർ.


അന്താരാഷ്ട്ര വിപണിയിലെ പ്രകൃതിവാതക വിലക്കയറ്റവും, ആഭ്യന്തരതലത്തിൽ പ്രകൃതിവാതക ലഭ്യത കുറഞ്ഞതുമാണ്‌ സിഎൻജി വില കുത്തനെ ഉയർന്നതിന് കാരണമെന്നാണ്‌ അദാനി ടോട്ടൽ ഗ്യാസിന്റെ വിശദീകരണം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ചില തെറ്റായ നയങ്ങളാണ് ഇതിന് പിന്നിലെ യഥാർഥ കാരണം.


പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറപിടിച്ച് തുടങ്ങിയ കൊള്ള


പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഈ വർഷം മാർച്ചിൽ സിഎൻജി, പിഎൻജി ഇറക്കുമതിയിൽ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്ന് ആ​ഗോളതലത്തിൽ പ്രകൃതിവാതക വിതരണത്തിൽ തടസം നേരിടുകയും, വില വർധിക്കുകയും ചെയ്ത സാഹചര്യത്തിലും കമ്പനിയുടെ നഷ്ടം ഉപഭോക്താക്കളിൽ അടിച്ചേല്പിക്കുകയാണ്‌ അദാനി. അതേസമയം, കമ്പനിയുടെ ലാഭവും വിപണി വളർച്ചയും കുത്തനെ ഉയരുകയാണുണ്ടായത്‌.


ഏപ്രിൽ 3ന് അദാനി സിഎൻജി വില കിലോയ്ക്ക് 1.50 രൂപ വർധിപ്പിച്ച് 83.77 രൂപായാക്കിയിരുന്നു. മെയ് മാസത്തിൽ രണ്ട് തവണയായി വീണ്ടും 4.25 രൂപ കൂടി വർധിപ്പിച്ചു. ജൂലൈയിൽ 2 രൂപ കൂടി ഉയർത്തി. ആ​ഗസ്ത് തുടക്കത്തിൽ സിഎൻജിയുടെ വില 4 രൂപകൂടി വർധിപ്പിച്ചതോടെ നിരക്ക് 94.02 രൂപയായി.


നിലവിൽ ഒക്ടോബർ 23ന് കിലോയ്ക്ക് 4.45 രൂപ വർധിപ്പിച്ചതിനു പിന്നാലെ നവംബർ അഞ്ചിന് വീണ്ടും 2.30 രൂപ കൂട്ടി. രണ്ട് ഘട്ടങ്ങളിലായി 6.75 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ അഹമ്മദാബാദിൽ സിഎൻജി വില 100.77 രൂപയിലെത്തി. പെട്രോളിന് 101.83 രൂപയായിരിക്കെ, സിഎൻജിയും പെട്രോളും തമ്മിലുള്ള വ്യത്യാസം വെറും 1.06 രൂപ മാത്രമാണ്. ഈ വർഷം 11 മാസത്തിനിടെ 20 രൂപയുടെ വർധനയാണുണ്ടായത്.


സാധാരണക്കാരന് തിരിച്ചടി, അദാനിക്ക് ലാഭം


ഓട്ടോ ഡ്രൈവർമാരെ പ്രതിസന്ധിയിലാക്കുന്ന സിഎൻജി വിലക്കയറ്റത്തിനിടയിലും അദാനി ടോട്ടൽ ഗ്യാസിന്റെ വിപണി വളരുകയാണ്. ജൂലൈ–സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻവർഷത്തെ 163 കോടി രൂപയിൽനിന്ന് 173 കോടി രൂപയായി ഉയർന്നു. ആറു ശതമാനമാണ് വർധന. പ്രവർത്തന വരുമാനം 33.8 ശതമാനം ഉയർന്ന് 2,110 കോടി രൂപയിലെത്തി. സിഎൻജി വില്പനയിൽ 17 ശതമാനം വളർച്ചയുണ്ടായി. കമ്പനിയുടെ ആകെ വില്പനയുടെ 70 ശതമാനത്തിലേറെയും സിഎൻജിയിലൂടെയാണ്.


അഹമ്മദാബാദിൽ സിഎൻജി വില 100 രൂപ കടന്നതോടെ ഓട്ടോറിക്ഷാ തൊഴിലാളികൾ വില കുറയ്ക്കണമെന്നും സിഎൻജിക്ക് സബ്സിഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രം​ഗത്തെത്തിയിട്ടുണ്ട്. സിഎൻജിക്ക് വിലവർധിച്ചതിനാൽ യാത്രാനിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന ആശങ്കയും ഓട്ടോ-ടാക്സി തൊഴിലാളികൾക്കുണ്ട്.


കേന്ദ്രം നോക്കുകുത്തിയാകുമ്പോൾ


പ്രകൃതിവാതക മേഖലയിലെ സ്വകാര്യ നിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവും വർധിപ്പിക്കുകയെന്നതാണ് കേന്ദ്രനയം. ഇതിന്റെ ഭാഗമായി അദാനി ടോട്ടൽ ഗ്യാസിന് ലാഭം കൊയ്യാൻ രാജ്യത്തെ സിഎൻജി മേഖല തുറന്നു കൊടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അദാനി ​ഗ്യാസിന്റെ ശൃംഖല വ്യാപിച്ചു. എന്നാൽ, സിഎൻജിയുടെ വില ഉയരുമ്പോൾ അതിന്റെ ആഘാതം കുറയ്ക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയാവുകയാണ് കേന്ദ്രസർക്കാർ.


ഈ പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ ചെലവിൽ ആഭ്യന്തര ഗ്യാസിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. എന്നാൽ സ്വകാര്യ കുത്തകകൾക്ക് ലാഭമെടുക്കാൻ ഒത്താശ ചെയ്യുകയാണ് കേന്ദ്രം. വിപണിയിൽ നിന്നുള്ള നേട്ടം സ്വകാര്യ കമ്പനികൾക്ക് ലഭിക്കുകയും വിലക്കയറ്റത്തിന്റെ ഭാരം സാധാരണക്കാർക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും കൈമാറുന്ന അദാനിയുടെ നയം അംഗീകരിക്കാനാകില്ല.

‌

ഊർജസുരക്ഷയുടെ പേരിൽ സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ രാജ്യത്തെ വിപണി തുറന്നു കൊടുത്ത് അവസരമൊരുക്കുമ്പോൾ ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ഇന്ധനം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home