ദുരൂഹത നിറഞ്ഞ വൈദ്യുതി കരാർ ; ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണം: പിണറായി വിജയന്‍

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോം വഴി വൻ കമീഷൻ തട്ടാനുള്ള വൈദ്യുതി കരാറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെഎസ്ഇബി തള്ളിയ ജിഎൻഎ ഓഫർ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്നും ചട്ടങ്ങൾ ലംഘിച്ച് ഓഫർ സ്വീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടോയെന്നുമുള്ള ഗൗരവകരമായ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ ഉന്നയിച്ചത്.
വൈദ്യുതി കരാറിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സമർപ്പിച്ച ഹിമാചൽ വൈദ്യുതി പ്രൊപ്പോസൽ അട്ടിമറിച്ചതെന്തിനെന്ന് ചോദിച്ചു. വൈദ്യുതി വാങ്ങൽ കരാറിലെ മുഴുവൻ ഫയലുകളും കത്തുകളും മന്ത്രിസഭാ കുറിപ്പുകളും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി എം ഡിയായിരുന്ന രാജമാണിക്യം ഐ എ എസ് രേഖപ്പെടുത്തിയ കുറിപ്പിലെ ഏതാനും ഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടിയതുകൊണ്ട് ബോർഡ് ഉന്നയിച്ച എതിർപ്പുകൾ ഇല്ലാതാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ ബന്ധപ്പെട്ട ഫയലുകളും സർക്കാരിന് ലഭിച്ച കത്തുകളും പൂർണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
2026 നവംബർ 1 മുതൽ മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അറിയിച്ചിട്ടുണ്ടോയെന്നതിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ഹിമാചലിൽ നിന്നുള്ള ഉത്പാദന പ്രൊഫൈൽ സംബന്ധിച്ച രേഖകൾ കെഎസ്ഇബിയിൽ ലഭ്യമായിരിക്കെ, അതിനെ ഖണ്ഡിക്കുന്ന എന്ത് വിവരമാണ് ജിഎൻഎ മുഖ്യമന്ത്രിക്ക് നൽകിയതെന്നും പിണറായി വിജയൻ ചോദിച്ചു.








0 comments