ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ആണവനിലയം തുടങ്ങാന്‍ ചർച്ച തുടങ്ങി
print edition അംബാനിയും അദാനിയും ആണവോർജ മേഖലയിലേക്ക്

ന്യൂഡൽഹി
തന്ത്രപ്രധാനമായ ആണവോർജ മേഖലയിലേക്ക് കൂടി ചിറകുവിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചങ്ങാത്ത മുതലാളിമാരായ അംബാനിയും അദാനിയും. യുപി, അസം തുടങ്ങി ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായി അദാനി ഗ്രൂപ്പും അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും ആണവനിലയം തുടങ്ങാനുള്ള ചർച്ച ആരംഭിച്ചു. റിയാക്ടറുകൾക്കായി വെസ്‌റ്റിങ്‌ഹൗസ്, ഹോൾടെക് ഇന്റർനാഷണൽ തുടങ്ങിയ കമ്പനികളെ അംബാദി – അദാനി ഗ്രൂപ്പുകൾ സമീപിച്ചു. എൽആന്റ്‌ടി, ടാറ്റ പവർ, വേദാന്ത ഗ്രൂപ്പ്, ഹിൻഡാൽക്കോ, ജെഎസ്‌ഡബ്‌ള്യു തുടങ്ങിയ വൻകിട കോർപറേറ്റുകളും ഇൗരംഗത്ത് നിക്ഷേപത്തിനൊരുങ്ങുന്നു.
ആണവോർജ മേഖലയെ സ്വകാര്യവത്‌കരിക്കുന്ന ശാന്തി ബില്ലിലൂടെ, 300 മെഗാവാട്ട് വരെ ശേഷിയുള്ള ചെറുകിട മോഡുലാർ ആണവറിയാക്ടർ വ്യാപകമായി സ്ഥാപിക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. അമേരിക്കൻ റിയാക്ടർ നിർമാണ കമ്പനികളുടെ സഹകരണം ഉറപ്പിക്കാൻ ആണവബാധ്യതാ നിയമത്തിൽ നിന്ന് ഉപകരണവിതരണ കമ്പനികളെ ഒഴിവാക്കുന്നതാണ് ഇൗ ബിൽ. ആണവദുരന്തമുണ്ടായാൽ നഷ്ടപരിഹാര ബാധ്യത നിലയനടത്തിപ്പ് കമ്പനിക്ക് മാത്രമായിരിക്കും. ഇതും പരമാവധി മൂവായിരം കോടിയായി നിജപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ നഷ്ടപരിഹാരം വേണ്ടിവന്നാൽ ജനങ്ങളുടെ നികുതിപണത്തിൽ നിന്ന് ചെലവഴിക്കും.
അമേരിക്കയിലെ ചെറുകിട മോഡുലാർ റിയാക്ടർ നിർമാണ കമ്പനിയായ ഹോൾടെക് ഇന്ത്യൻ വിപണിയിലേക്ക് കടക്കാൻ സന്നദ്ധമാണ്. ഇതിനായി ഇന്ത്യൻ കമ്പനികൾക്ക് റിയാക്ടർ സാങ്കേതികവിദ്യ കൈമാറാൻ യുഎസ് സർക്കാർ ഹോൾടെക്കിന് അനുമതി നൽകിയിട്ടുണ്ട്.
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (എൻപിസിഐഎൽ) നിലവിൽ ആണവോർജ മേഖലയെ നിയന്ത്രിക്കുന്നത്. സ്വകാര്യ റിയാക്‌ടറുകൾ വന്നാലും നിലയ നടത്തിപ്പ് ഉത്തരവാദിത്തം, ആണവാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങൾ എൻപിസിഐഎല്ലിനായിരിക്കും. ലാഭംമാത്രം സ്വകാര്യ കന്പനികൾ കൊണ്ടുപോകും.










0 comments