മകളുടെ സംരക്ഷണത്തെച്ചൊല്ലി തർക്കം; സീരിയൽ താരത്തെ ഭർത്താവ് തട്ടിക്കൊണ്ടുപോയി

ബംഗളൂരു : കർണാടകത്തിൽ മകളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സീരിയൽ- സിനിമാ നടിയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. കന്നഡ നടി ചൈത്രയെയാണ് തട്ടിക്കൊണ്ടുപോയത്. ചൈത്രയുടെ സഹോദരി ലീലയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് മാസമായി തർക്കങ്ങളെ തുടർന്ന് ദമ്പതികൾ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ചൈത്രയുടെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധൻ ഹാസനിലും ചൈത്രയും ഒരു വയസുള്ള മകളും മഗഡി റോഡിലെ വാടക വീട്ടിലുമാണ് താമസിച്ചിരുന്നത്. 2023ലാണ് ഇവർ വിവാഹിതരായത്.
ഡിസംബർ 7 ന്, താൻ മൈസൂരുവിലേക്ക് ഷൂട്ടിംഗിനായി പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞു. എന്നാൽ ഇത് ഹർഷവർധന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ചൈത്രയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഹർഷവർധൻ തന്റെ സഹായിയായ കൗശിക്കിന് 20,000 രൂപ അഡ്വാൻസായി നൽകിയതായും കൗശിക് മറ്റൊരാളുടെ സഹായത്തോടെ രാവിലെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചശേഷം കാറിൽ ബലമായി കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ സംഭവം അറിയിക്കുകയും ഉടൻ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ, ഹർഷവർധൻ ചൈത്രയുടെ അമ്മയെ വിളിച്ച് ചൈത്രയെ തട്ടിക്കൊണ്ടുപോയതായും കുട്ടിയെ നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ചൈത്രയെ വിട്ടയക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പിന്നീട് മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അർസികെരെയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്നും പിന്നാലെ അറിയിച്ചു. ചൈത്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വർധൻ എന്റർപ്രൈസസിന്റെ ഉടമയും സിനിമാ നിർമാതാവുമാണ് ഹർഷവർധൻ.










0 comments