Deshabhimani

സൈന്യത്തിന്റെ വ്യാജ സപ്ലൈ ഓർഡർ കാണിച്ച് 11.5 കോടി തട്ടി: സൂത്രധാരൻ ബംഗാളിൽ പിടിയിൽ

jailed ai
വെബ് ഡെസ്ക്

Published on Nov 09, 2026, 06:49 PM | 1 min read

ഗുവാഹത്തി: ഇന്ത്യൻ സൈന്യത്തിന് സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജന്റുമാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അസം ആസ്ഥാനമായുള്ള പ്രമുഖ വ്യാപാരിയിൽ നിന്ന് 11.5 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തട്ടിപ്പിന്റെ സൂത്രധാരനായ ഹർഷ് അഗർവാൾ (30) എന്നയാളെ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നാണ് ഗുവാഹത്തി പാൻബസാർ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഗ്ലോബൽ ട്രേഡേഴ്സ്' എന്ന സ്ഥാപനമാണ് തട്ടിപ്പിനിരയായത്. സ്ഥാപനവുമായി മുൻപുണ്ടായിരുന്ന ബിസിനസ് പരിചയം മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്.


ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ വ്യാജ സപ്ലൈ ഓർഡറുകളും തെറ്റായ സാമ്പത്തിക രേഖകളും നിർമ്മിച്ച പ്രതികൾ, സൈനിക ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിശ്വാസ്യത നേടിയെടുത്തത്. തട്ടിപ്പ് ഉറപ്പിക്കാനായി, ആർമി സപ്ലൈ കോൺട്രാക്റ്റുകളിൽ പങ്കാളിയായ ബന്ധുവാണെന്ന് പറഞ്ഞ് ഹർഷ് തന്റെ സഹോദരൻ ആയുഷ് അഗർവാളിനെയും പരാതിക്കാരന് മുന്നിലെത്തിച്ചിരുന്നു. ഇത്തരത്തിൽ 11,50,56,180 രൂപയാണ് പ്രതികൾ സ്ഥാപനത്തിൽ നിന്ന് കൈക്കലാക്കിയത്.


പാൻബസാർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ശങ്കർ ജ്യോതി നാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച് പ്രതിയെ സിലിഗുരിയിലെത്തി പിടികൂടിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ തുക സൂക്ഷിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 2 കോടിയിലധികം രൂപ പൊലീസ് ഇതിനോടകം ഫ്രീസ് ചെയ്തിട്ടുണ്ട്. കേസിൽ ബാക്കി തുക കണ്ടെത്തുന്നതിനും സംഘത്തിലെ മറ്റു പ്രതികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home