ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ യുവാവിനെ ഇടിച്ചു തെറിപ്പിച്ച് ആഡംബര വാഹനം

അപകടത്തിൽപ്പെട്ട വാഹനം(ഇടത്) അപകടത്തിൽ മരിച്ച ശ്യാംരാജ് (വലത്) Photo; India Today
ഹൈദരാബാദ്: ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ യുവാവിനെ അമിത വേഗതയിലെത്തിയ ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജി(32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി. ഹൈദരാബാദിലെ പ്രശസ്തമായ കേബിൾ ബ്രിഡ്ജിൽ വച്ചാണ് സംഭവം.
ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽ നിന്ന് ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുക്കാനാണ് ശ്യാംരാജ് എത്തിയത്. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മേഴ്‌സിഡസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ മേഴ്‌സിഡസ് ഓടിച്ചിരുന്നയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളതാണ് മേഴ്‌സിഡസ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചത് എന്നതിൽ വ്യക്തതയില്ല, അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments