print edition എംപിമാരുടെ കാലുമാറ്റം ശരിവച്ച് രാജ്യസഭാധ്യക്ഷൻ

ന്യൂഡൽഹി: ആം ആദ്‌മി പാർടിയിലെ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ‘ലയിച്ച’ നടപടി അംഗീകരിച്ച് രാജ്യസഭ അധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംഎൽഎമാർ ബിജെപി പാർലമെന്ററി പാർടിയുടെ ഭാഗമായതായും മന്ത്രി പറഞ്ഞു.
ഏഴ് എംഎൽഎമാർ ഏകപക്ഷീയമായി ബിജെപിയിൽ ‘ലയിക്കാൻ’ തീരുമാനിച്ചത് നിയമാനുസൃതമല്ലെന്നും ഇവരെ അയോഗ്യരാക്കണമെന്ന എഎപിയുടെ ആവശ്യം തള്ളിയാണ് രാജ്യസഭാധ്യക്ഷന്റെ നടപടി. ഇതോടെ, ബിജെപിയുടെ രാജ്യസഭയിലെ അംഗബലം 113 ആയി.
എംപിമാർ സ്വന്തംനിലയ്‌ക്ക് ബിജെപിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഭരണഘടനയുടെ 10–ാം ഷെഡ്യൂൾ (കൂറുമാറ്റ നിരോധന നിയമം) അനുസരിച്ച് അവരെ അയോഗ്യരാക്കണമെന്നുമാണ് എഎപിയുടെ ആവശ്യം. എഎപി ഉടൻ കോടതിയെ സമീപിച്ചേക്കാം.
വിരട്ടിയും വിലപേശിയും ‘ഓപറേഷൻ താമര’യിലൂടെ എംപിമാരെ സ്വന്തംപക്ഷത്താക്കിയ ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടിയ്ക്കെതിരെ രാജ്യത്ത് ശക്തമായ വികാരമുണ്ട്. ‘ലയനമാണ്’ നടന്നതെന്ന് രാഘവ്‌ഛദ്ദ ഉൾപ്പടെയുള്ള എംപിമാർ അവകാശപ്പെടുന്നുണ്ടെങ്കിലും കൂറുമാറ്റനിരോധന നിയമത്തിലെ ‘പരിരക്ഷ’ നൽകുന്ന വ്യവസ്ഥകളുടെ ആനുകൂല്യം ഇവർ അർഹരല്ലെന്നാണ് നിയമവിദഗ്‌ധരുടെയും പാർലമെന്ററി രംഗത്തെ വിദഗ്‌ധരുടെയും അഭിപ്രായം.
ഇൗ രീതിയിൽ ശക്തമായ വിവാദം നിലനിൽക്കുന്ന അവസരത്തിലാണ് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി സി പി രാധകൃഷ്‌ണൻ എഎപി എംപിമാരുടെ കൂറുമാറ്റത്തിന് പച്ചക്കൊടി കാണിച്ചിട്ടുള്ളത്. ഉപരാഷ്ട്രപതി തന്നെ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് രാജ്യത്തിന്റെ സ്ഥിതി അധഃപതിച്ചു.
ഇൗ വർഷം അവസാനത്തോടെ 30ൽ കൂടുതൽ രാജ്യസഭാസീറ്റുകൾ ഒഴിയും. ഇതിൽ അഞ്ച് സീറ്റുകളെങ്കിലും നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിജെപിയിൽ ചേർന്ന രാഘവിന്റെ നീക്കത്തിൽ അതൃപ്‌തരായി 10 ലക്ഷത്തിലധികം പേർ അദ്ദേഹത്തെ സമൂഹമാധ്യമത്തിൽ അൺഫോളോ ചെയ്‌തു.










0 comments